'പേ സി.എം' പ്രചാരണശേഷം കോൺഗ്രസിന്‍റെ 'സേ സി.എം'
text_fieldsബംഗളൂരു: ബി.ജെ.പി സർക്കാറിന്റെ അഴിമതിക്കെതിരെ 'പേ സി.എം കാമ്പയിന്' പിന്നാലെ 'സേ സി.എം' കാമ്പയിനുമായി കോൺഗ്രസ് രംഗത്ത്. സർക്കാർ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തണമെങ്കിൽ രാഷ്ട്രീയക്കാർക്കും മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും 40 ശതമാനം കമീഷൻ നൽകണമെന്ന് കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചായിരുന്നു പേ സി.എം. കാമ്പയിൻ. ഈ വിമർശനങ്ങളിൽ ബി.ജെ.പി ക്യാമ്പ് ഏറെ അസ്വസ്ഥരായിരുന്നു.
പേ സി.എം കാമ്പയിന്‍റെ ഭാഗമായി മുഖ്യമന്ത്രി ബൊമ്മൈയുടെ ചിത്രമുള്ള പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. 40 ശതമാനം ഇവിടെ സ്വീകരിക്കുമെന്നും അതിൽ എഴുതിയിരുന്നു. പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് അഴിമതിക്കെതിരെ പരാതി നൽകാനായി കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്.
പേ സി.എം കാമ്പയിനിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് 'സേ സി.എം' കാമ്പയിനിലൂടെ കോൺഗ്രസ് ആവശ്യപ്പെടുന്നത്. സർവത്ര അഴിമതി നടന്നിട്ടും അതിലൊന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. അഴിമതിക്കാര്യത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് പണം നൽകേണ്ടിവരുമോ എന്നാണ് ചോദ്യം.
ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങൾക്ക് കൊടുത്ത ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. പ്രകടന പത്രികയിൽ ഉറപ്പുനൽകിയ കാര്യങ്ങളിൽ മറുപടി നൽകാനും മുഖ്യമന്ത്രിക്ക് 40 ശതമാനം കമീഷൻ നൽകേണ്ടിവരുമോ എന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ ചോദിച്ചു.
'നിമ്മ ഹത്തിര ഇദെയ ഉത്തര' (നിങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ടോ) എന്ന പേരിൽ 50 ചോദ്യങ്ങളുന്നയിച്ച് നേരത്തേ കോൺഗ്രസ് പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഇതിൽ ഒന്നിൽപോലും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ആരോപിച്ചു.
കോൺഗ്രസിന് പണിയില്ല -മുഖ്യമന്ത്രി
ബംഗളൂരു: പണിയൊന്നും ഇല്ലാത്ത പാരമ്പര്യ പാർട്ടിയായ കോൺഗ്രസ് പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കോൺഗ്രസിെന്‍റ 'സേ സി.എം' കാമ്പയിൻ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ പാർട്ടിയും സർക്കാറും ജനക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിന് മറ്റു പണികൾ ഒന്നുമില്ല. എന്നാൽ, ബി.ജെ.പി സർക്കാറിന് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. പറയുന്നതിനേക്കാൾ പ്രവർത്തിക്കാനാണ് തങ്ങൾക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.