വാഹനത്തിരക്കുള്ള ഭാഗത്ത് ഇനി പച്ച വെളിച്ചം; നഗരത്തിൽ എ.ഐ സിഗ്നലുകൾ പ്രവർത്തിച്ചുതുടങ്ങി
text_fieldsബംഗളൂരു: നഗരത്തിലെ ജങ്ഷനുകളിൽ വാഹനങ്ങളുടെ തിരക്കൊഴിവാക്കാൻ നിർമിതബുദ്ധി സംവിധാനത്തിൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചുതുടങ്ങി. ബംഗളൂരു ട്രാഫിക് പൊലീസും ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടും (ഡി.യു.എൽ.ടി) സംയുക്തമായി ആദ്യഘട്ടത്തിൽ നഗരത്തിലെ 165 ജങ്ഷനുകളിലാണ് എ.ഐ കാമറകൾ സ്ഥാപിക്കുന്നത്. ഇതിൽ 23 എണ്ണത്തിൽ ഇത്തരം സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് ജോയന്റ് കമീഷണർ എം.എൻ. അനുചേത് പറഞ്ഞു.
നിലവിൽ ജങ്ഷനുകളിൽ നിശ്ചിത സമയത്തേക്കാണ് ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സിഗ്നൽ ജങ്ഷനുകളിലെത്തുന്ന വാഹനങ്ങളുടെ തിരക്കനുസരിച്ചായിരിക്കും പ്രവർത്തിക്കുന്നത്. വാഹനങ്ങളില്ലെങ്കിൽ പച്ച സിഗ്നൽ തെളിഞ്ഞു കിടക്കില്ല. വാഹനങ്ങൾ കൂടുതലുള്ള സിഗ്നലിൽ പച്ച വെളിച്ചം തെളിയും. നഗരത്തിന്റെ തെക്കൻ മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലുമാണ് ഇത്തരം സിഗ്നലുകൾ സ്ഥാപിച്ചത്.
2025 ജനുവരിയോടെ എല്ലാ ജങ്ഷനുകളിലും എ.ഐ സിഗ്നലുകൾ സ്ഥാപിക്കുമെന്ന് അനുചേത് പറഞ്ഞു. 23 ജങ്ഷനുകളിൽ വെഹിക്ൾ ആക്യുട്ടഡ് കൺട്രോൾഡ് (വി.എ.സി) മോഡിലാണ് പ്രവർത്തിക്കുന്നത്. മൈസൂരു റോഡ്, മാഗഡി റോഡ്, വെസ്റ്റ് ഓഫ് കോഡ് റോഡ്, കനകപുര റോഡ്, ഹൊസൂർ റോഡ്, തുമകൂരു റോഡ്, ബെന്നാർഘട്ട റോഡ്, ആർ.വി റോഡ്, ബല്ലാരി റോഡ് എന്നിവിടങ്ങളിലെ ജങ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചത്. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 40,000ത്തോളം ജങ്ഷനുകളുണ്ട്.
സിഗ്നൽ വെച്ച് നിയന്ത്രിക്കുന്നതും ട്രാഫിക് പൊലീസ് നേരിട്ട് നിയന്ത്രിക്കുന്നതുമായ ജങ്ഷനുകൾ ഇതിൽ പെടും. രണ്ടാംഘട്ടത്തിൽ 220 ജങ്ഷനുകളിലും മൂന്നാം ഘട്ടത്തിൽ 107 ജങ്ഷനുകളിലും സിഗ്നൽ സ്ഥാപിക്കും. കൂടുതൽ വാഹനങ്ങളുള്ള ജങ്ഷനിൽ കൂടുതൽ സമയം ലഭിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
ഹഡ്സൺ സർക്കിൾ, പൊലീസ് കോർണർ, ഹലസൂരു ഗേറ്റ്, ടൗൺഹാൾ, മിനർവ ജങ്ഷൻ, ജെ.സി റോഡ്, മെഡിക്കൽ കോളജ്, കെ.ആർ റോഡ്, നയന്ദഹള്ളി, ജെ.പി നഗർ മെട്രോ സ്റ്റേഷൻ, മേഖ്രി സർക്കിൾ, കോഫി ബോർഡ്, കാവേരി തിയറ്റർ, ബസവേശ്വര സർക്കിൾ, നവരംഗ്, എം.സി സർക്കിൾ, ബസപ്പ ജങ്ഷൻ, ലാൽബാഗ് വെസ്റ്റ് ഗേറ്റ്, സൗത്ത് എൻഡ് സർക്കിൾ, മഡിവാള ചെക്ക്പോസ്റ്റ്, ആഡുഗോഡി ജങ്ഷൻ, ഡയറി സർക്കിൾ എന്നിവിടങ്ങളിലെല്ലാം എ.ഐ സിഗ്നലുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.