അഞ്ചുലക്ഷം രൂപയുടെ പ്രവാസി കുടുംബസുരക്ഷ പദ്ധതിയുമായി എ.ഐ.കെ.എം.സി.സി
text_fieldsബംഗളൂരു: ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഒട്ടേറെ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ കുടുംബ സഹായത്തിനായി അഞ്ചുലക്ഷം രൂപയുടെ പ്രവാസി കുടുംബ സഹായ പദ്ധതി ‘ഒപ്പം’ പ്രഖ്യാപിച്ചു. പദ്ധതിയിൽ ചേർന്ന ശേഷം അംഗമോ ജീവിത പങ്കാളിയോ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായം നൽകുന്നതാണ് പദ്ധതി. ഇപ്പോൾ നടന്നുവരുന്ന എ.ഐ.കെ.എം.സി.സി ബംഗളൂരു കമ്മിറ്റിയുടെ മെംബർഷിപ് കാമ്പയിനിലൂടെ സംഘടനയുടെ അംഗത്വം നേടുന്നവർക്കാണ് ഒപ്പം പദ്ധതിയിൽ അംഗമാവാൻ കഴിയുക. അംഗങ്ങൾക്കിടയിലെ പരസ്പര സഹായ നിധി എന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ബനശങ്കരിയിൽ ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യുമാനിറ്റിക്ക് സംഭാവനയായി ലഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പദ്ധതി നിലവിൽ വരും. പാലിയേറ്റിവ് കെയർ കിടത്തി ചികിത്സാ കേന്ദ്രം, ജനിച്ചത് മുതൽ ആറു വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഏർലി ഇൻറർവെൻഷൻ സെൻറർ, ഭിന്നശേഷി കുട്ടികൾക്കായുള്ള പകൽ വീട് എന്നിവയാണ് പുതുതായി ശിഹാബ് തങ്ങൾ സെൻററിന് കീഴിൽ ബനശങ്കരിയിൽ ഹൈദരലി തങ്ങൾ ക്രോണിക് കെയർ സെൻറർ എന്ന പേരിൽ ആരംഭിക്കുന്നത്.
ഇതുസംബന്ധിച്ച് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡൻറ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ എം.എ. അമീറലി പ്രവാസി കുടുംബസുരക്ഷ പദ്ധതി അവതരിപ്പിച്ചു. ടി. നാസർ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും സെക്രട്ടറി എം. റഷീദ് മൗലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.