എ.ഐ.കെ.എം.സി.സിയുടെ ആറാമത് സമൂഹ വിവാഹം; 81 ജോടി വധൂവരന്മാർ പുതിയ ജീവിതത്തിലേക്ക്
text_fieldsബംഗളൂരു: ജാതിമത ഭേദമന്യേ ആയിരങ്ങളുടെ പ്രാർഥനയും ആശിർവാദവും ഏറ്റുവാങ്ങി വിവിധ മതത്തിൽപെട്ട 81 ജോടി വധൂവരന്മാർ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ സംഘടിപ്പിച്ച ആറാമത് സമൂഹ വിവാഹ വേദിയിലായിരുന്നു ചടങ്ങ്. മുസ്ലിം ലീഗ് കേരള അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
രാവിലെ പത്തോടെ വിവാഹ വസ്ത്രമണിഞ്ഞ് പന്തലിൽ വധൂവരന്മാരെത്തി. കല്യാണപ്പാട്ടിന്റെ അകമ്പടിയോടെ വധൂവരന്മാരെ ആനയിച്ചു. മസ്ജിദ് ഖാദിരിയ്യ ഇമാം ഖത്തീബ് മൗലാന മുഹമ്മദ് ഹാറൂൺ നിക്കാഹ് കർമത്തിന് നേതൃത്വം നൽകി. സമൂഹ വിവാഹ സംഗമം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സ്വർണാഭരണവും മഹറും കല്യാണ വസ്ത്രങ്ങളും ചടങ്ങിനോടനുബന്ധിച്ച് ബന്ധുക്കൾക്കുള്ള വിരുന്നുമെല്ലാം ഒരുക്കിയിരുന്നു.
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈര ഗൗഡ എന്നിവർ മുഖ്യാതിഥികളായി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കർണാടക ചീഫ് വിപ് സലീം അഹമ്മദ്, എം.എൽ.എമാരായ കെ.പി.എ. മജീദ്, ഡോ. ഉദയ് ബി. ഗരുഡചാർ, എൻ.എ. ഹാരിസ്, വ്യവസായ പ്രമുഖൻ സൈനുൽ ആബിദീൻ, ബഷീറലി ശിഹാബ് തങ്ങൾ, ഡോ. ഇബ്രാഹിം ഖലീൽ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും ഡോ. എം.എ. അമീർ അലി നന്ദിയും പറഞ്ഞു.
ബദറുന്നിസ, അഡ്വ. നൂർബിന റഷീദ് എന്നിവർ വിവാഹ സമ്മാനമായ സ്വർണാഭരണം ബംഗളൂരു കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാനിൽ നിന്ന് ഏറ്റുവാങ്ങി വധുമാർക്ക് കൈമാറി. പി.കെ. അൻവർ നഹ, ഡോ. എം.പി. ഹസ്സൻ കുഞ്ഞി, സൈനുൽ ആബിദീൻ, ഇബ്രാഹിം അടൂർ, ഖലീൽ റഹ്മാൻ, നൗഷാദ് കുന്നുമ്മക്കര, സയീദ് പി.കെ. നാദാപുരം, പി.എൻ. ഉസ്മാൻ ഹാജി, കുഞ്ഞിമോൻ ഹാജി, കെ.പി. ഫൈസൽ, യൂസഫ് സൗഭാഗ്യ, സി.കെ.വി. യൂസുഫ് എന്നിവരെ ആദരിച്ചു.
മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികളായ സിറാജ് ഇബ്രാഹിം സേട്ട്, എൻ. ജാവേദുല്ല, മുജാഹിദ് പാഷ, ഷാഹിദ് തിരുവള്ളൂർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അർഷദ്, പൊന്നാംകുണ്ടിൽ അബ്ദുൽ സത്താർ, കെ.വി. റംല ടീച്ചർ, അഷ്റഫ് ദുബൈ, പി.കെ. സക്കീർ തുടങ്ങിയവർ സന്നിഹിതരായി. എ.ഐ.കെ.എം.സി.സി ബംഗളൂരു ഭാരവാഹികളായ നാസർ നീലസാന്ദ്ര, വി.കെ. നാസർ ഹാജി, സിദ്ദീഖ് തങ്ങൾ, റഹീം ചാവശ്ശേരി, റഷീദ് മൗലവി, ടി.സി. മുനീർ, അബ്ദുല്ല മാവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.