വഖഫ് സംരക്ഷണം; പ്രക്ഷോഭ, നിയമ വഴി തേടും -പേഴ്സനൽ ലോ ബോർഡ്
text_fieldsബംഗളൂരു: വഖഫ് നിയമ ഭേദഗതിയുൾപ്പെടെ മുസ്ലിം സമുദായം നേരിടുന്ന വെല്ലുവിളികൾ നിയമ മാർഗത്തിലും പ്രക്ഷോഭങ്ങൾ വഴിയും നേരിടുമെന്ന് ഓൾ ഇന്ത്യ പേഴ്സനൽ ലോ ബോർഡ് ദേശീയ കൺവെൻഷൻ സമാപന സമ്മേളനം പ്രഖ്യാപിച്ചു. വഖഫ് ഭേദഗതി ബിൽ, ഏകീകൃത വ്യക്തി നിയമം, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ എന്നിവ കൺവെൻഷൻ ചർച്ച ചെയ്തു.
സമുദായവുമായി ആലോചിക്കാതെ വഖഫ് ഭേദഗതി ബിൽ പാസാക്കിയാൽ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചതായി ബോർഡ് വക്താവ് സെയ്ദ് ഖാസിം റസൂൽ ഇല്യാസ് മാധ്യമങ്ങളോട് പറഞ്ഞു. നിയമ വഴിയും തേടും. ഇത് സർക്കാറിനുള്ള മുന്നറിയിപ്പാണ്. വഖഫ് സ്വത്തുക്കൾ മുസ്ലിം സമുദായത്തിന് പ്രത്യേകമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദാനം ചെയ്യപ്പെട്ടതാണ്. ഇതിൽ സർക്കാറിന് ഇടപെടാനാവില്ല. ബന്ധപ്പെട്ട വിഭാഗത്തിന്റെ അഭിപ്രായവും തീരുമാനവും പരിഗണിക്കാതെ നിയമഭേദഗതി അടിച്ചേൽപിച്ചാൽ അത് അംഗീകരിക്കാൻ സമുദായത്തിനാവില്ല.
നാനാത്വത്തിൽ ഏകത്വത്തിലാണ് രാജ്യത്തിന്റെ ഐക്യവും സൗന്ദര്യവും. അതിന്റെ അടിവേരറുക്കുന്ന നേർ വിപരീത നീക്കമാണ് ഏക സിവിൽകോഡ്. വ്യക്തി, കുടുംബം, സാമൂഹിക, സാംസ്കാരിക തലങ്ങളിൽ ഇത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഈ വിഷയത്തിൽ പേഴ്സനൽ ലോ ബോർഡ് അതിന്റെ വിയോജിപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.
ഉത്തരാഖണ്ഡ് സംസ്ഥാനം ഏക സിവിൽകോഡ് നടപ്പാക്കിയത് ഭരണഘടന വിരുദ്ധമാണ്. ഒരു സംസ്ഥാനത്ത് മാത്രം നടപ്പാക്കിയാൽ അതെങ്ങനെ രാജ്യത്തിന്റെ ഏക സിവിൽകോഡാകും? ഉത്തരാഖണ്ഡ് സർക്കാറിനെതിരെ ഈ വിഷയത്തിൽ ഓൾ ഇന്ത്യ പേഴ്സനൽ ലോ ബോർഡ് നൈനിറ്റാൾ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യും.
മുസ്ലിം ആരാധനാലയങ്ങളുടെ പരിസരത്തെ ഭൂമി സംബന്ധിച്ചും മസ്ജിദ് ക്ഷേത്രമായിരുന്നു എന്ന് അവകാശപ്പെട്ടും അടുത്ത കാലത്തായി വിവാദങ്ങൾ ഉയരുകയാണ്. തൽസ്ഥിതി നിലനിർത്തണമെന്ന 1992ലെ നിയമത്തിന്റെ ലംഘനമാണിതെന്ന് ഇല്യാസ് പറഞ്ഞു. ഫലസ്തീൻ ജനതക്ക് കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.