അമിത് ഷായെ കടിച്ചിരിക്കുന്നത് ഭ്രാന്തൻ നായ്; പ്രതികരണവുമായി പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ.
അമിത് ഷായെ ഭ്രാന്തൻ നായ് കടിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഴു ജന്മങ്ങളിൽ ഈശ്വരനാമം ജപിച്ചാൽ സ്വർഗത്തിലിടം ലഭിക്കുമോ എന്നെനിക്കുറപ്പില്ല. എന്നാൽ, ഈ ജന്മത്തിൽ അംബേദ്കറിന്റെ നാമം ജപിച്ചാൽ നമുക്ക് സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സമത്വവും ആത്മാഭിമാനവുമുള്ള ജീവിതം ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അംബേദ്കർ, സമത്വം എന്നിവയൊന്നും അമിത് ഷായുടെ ആശയങ്ങളിലും പ്രത്യയശാസ്ത്രത്തിലും ഇല്ലാത്തതാണ് പ്രശ്നമെന്നും അംബേദ്കറുടെയും ബസവയുടെയും ആശയങ്ങൾ വളരുമ്പോൾ ആർ.എസ്.എസ് തളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാജ്യസഭയിൽ ഭരണഘടന ചർച്ചക്ക് മറുപടി നൽകവെയായിയിരുന്നു അംബേദ്കറെക്കുറിച്ച് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു.
ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍, അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു’ എന്നാണ് അമിത് ഷാ പറഞ്ഞത്. പിന്നാലെ കോൺഗ്രസും ദലിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് വസ്തുതകൾ വളച്ചൊടിക്കുകയും രാജ്യസഭയിൽ അംബേദ്കറെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ വളച്ചൊടിക്കുകയും ചെയ്തെന്ന് ഷാ നേരത്തേ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.