സ്നേഹത്തിന്റെ വീണ്ടെടുപ്പിന് ‘അമ്മ ഇഫ്താർ’
text_fieldsബംഗളൂരു അശോക നഗർ ആശീർവാദ് ഭവനിൽ നടന്ന ‘അമ്മ ഇഫ്താറിൽ’ സൗഹാർദ
ഗാനം ആലപിക്കുന്നു
ബംഗളൂരു: ജാതിക്കും മതത്തിനുമപ്പുറം മനുഷ്യ സ്നേഹത്തിന്റെ മഹത് സന്ദേശമോതി ബംഗളൂരുവിൽ ‘അമ്മ ഇഫ്താർ’ സംഘടിപ്പിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന ബ്രാഹ്മണ കുടുംബാംഗമായ മീനാക്ഷി ലക്ഷ്മിയമ്മയും കുടുംബവുമാണ് എല്ലാ മതസ്ഥരെയും ചേർത്ത് ബംഗളൂരു അശോക നഗർ ആശീർവാദ് ഭവനിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. മൂന്നാംവർഷമാണ് ‘അമ്മ ഇഫ്താർ’ സംഘടിപ്പിക്കുന്നത്.
കർണാടകയിൽ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ പടർന്നുപിടിച്ച കാലത്താണ് മുസ്ലിംകളോടുള്ള ഐക്യദാർഢ്യത്തിനും എല്ലാവരും സമൂഹത്തിൽ ഒന്നാണെന്ന സന്ദേശം പകരാനും ബംഗളൂരുവിൽ കഴിയുന്ന മീനാക്ഷി ലക്ഷ്മിയമ്മയും മക്കളായ വെങ്കടരാമൻ, ശോഭ എന്നിവർ ചേർന്ന് ‘അമ്മ ഇഫ്താർ’ ആരംഭിച്ചത്. ഇഫ്താറിലേക്കുള്ള വിഭവങ്ങളിൽ പലതും പലരുമാണ് എത്തിച്ചത്.
ക്ഷണിക്കപ്പെട്ട അതിഥികൾ പരസ്പരം സൗഹൃദങ്ങൾ പങ്കിട്ടും ഒന്നിച്ചു നോമ്പു തുറന്നും മാതൃക തീർത്തപ്പോൾ വിദ്വേഷത്തിന്റെ വെപ്പുകാർക്ക് അതു പൊള്ളുന്ന സന്ദേശമായി. വിദ്വേഷ പ്രചാരണങ്ങൾക്കുള്ള മറുപടി, സീമയില്ലാത്ത സ്നേഹമാണെന്ന് സംഗമം പറഞ്ഞുവെച്ചു.
മതത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകളില്ലാത്ത നമ്മുടെ സ്വാഭാവിക ഇടങ്ങൾ നഷ്ടപ്പെടുന്നതായും പ്രത്യേക അവസരങ്ങളിൽ മാത്രമാണ് അവ രൂപപ്പെടുന്നതെന്നും അത്തരം സൗഹൃദ ഇടങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും സംഗമത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
ദേശസ്നേഹത്തിന്റെയും ഒത്തൊരുമയുടെയും പാട്ടുകളും സംഗമത്തിൽ പങ്കെടുത്തവർ ആലപിച്ചു. അഡ്വ. രാജലക്ഷ്മി അംഗളഗി, നസ്റീൻ സയ്യിദ്, ശ്രാവൺ ഷെട്ടി, വിനയ് കുമാർ, സുധീർ, ഡോ. എച്ച്.വി. വാസു, യൂസുഫ് ഖന്നി, ഡോ. ഗിരീഷ് , തൻവീർ അഹ്മദ്, മല്ലികെ സിരിമനെ, മുഹമ്മദ് സുബൈർ, എൻ.എം. ഇസ്മയിൽ, ഗൗരി, തൗസീഫ് തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.