അമുൽ-നന്ദിനി വിവാദം: സഹ. സംഘങ്ങളെ പിടിച്ചടക്കാൻ നീക്കം -ജയ്റാം രമേശ്
text_fieldsബംഗളൂരു: വിവിധ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനാണ് കേന്ദ്ര സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന അമിത് ഷാ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ് കുറ്റപ്പെടുത്തി. അമുൽ- നന്ദിനി വിവാദവുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് അമിത് ഷായുടെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയത്.
അമുലും നന്ദിനിയും തമ്മിലെ ‘സഹകരണം’ എന്ന പേരിൽ വിവിധ സഹകരണ സംഘങ്ങളെ ഒറ്റ നിയന്ത്രണത്തിലാക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. ‘ഒരു രാജ്യം ഒരു പാൽ’ എന്ന നയം ബി.ജെ.പിക്കു മാത്രമേ ഗുണം ചെയ്യൂ. രാജ്യത്തെ ക്ഷീരകർഷകരെ മോദി- അമിത്ഷാമാരുടെ നിയന്ത്രണത്തിൽനിന്ന് കോൺഗ്രസ് സംരക്ഷിക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു.
കർണാടക മിൽക്ക് ഫെഡറേഷന്റെ ഉൽപന്നമായ നന്ദിനിയുടെ ഫ്രഷ് പാൽ വിപണിയിലേക്കുള്ള അമുലിന്റെ കടന്നുകയറ്റ ശ്രമം വിവാദമായിരുന്നു. നന്ദിനിയുടെ ശക്തമായ വിപണി സാന്നിധ്യമുള്ള ബംഗളൂരുവിലേക്ക് അമുൽ കടന്നുവരുന്നത് നന്ദിനി ബ്രാൻഡിനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസും കന്നഡ അനുകൂല സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
അതേസമയം, അമുൽ ഫ്രഷ് ഉൽപന്നങ്ങൾ സിദ്ധരാമയ്യയുടെ ഭരണകാലത്തുതന്നെ വടക്കൻ കർണാടകയിലെ വിപണിയിലെത്തിയതായി ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് കോൺഗ്രസിനെതിരെ രംഗത്തുവന്നു. 2017 ജൂണിൽ നടന്ന അമുലിന്റെ വാർഷിക ജനറൽ യോഗത്തിന്റെ റിപ്പോർട്ട് സഹിതമായിരുന്നു ട്വീറ്റ്.
ബെളഗാവി മേഖലയിൽ 2017 മുതൽ അമുൽ ഫ്രഷ് പാൽ വിപണിയിലുണ്ട്. ഗോവയിലെ ക്ഷീര കർഷകരിൽനിന്ന് ശേഖരിക്കുന്ന പാലാണ് വടക്കൻ കർണാടകയിൽ വിതരണം ചെയ്യുന്നത്. ദിനേന 200 ലിറ്റർ ഫ്രഷ് പാൽ അമുൽ ഈ മേഖലയിൽ വിൽക്കുന്നുണ്ടെന്നാണ് വിവരം.
അമുലുമായി ലയിക്കില്ലെന്ന് കെ.എം.എഫ് പ്രസിഡന്റ്
ബംഗളൂരു: ഗുജറാത്ത് കോഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അമുൽ കമ്പനിയുമായി ലയിക്കില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) പ്രസിഡന്റും ബി.ജെ.പി എം.എൽ.എയുമായ ബാലചന്ദ്ര ജാർക്കിഹോളി.
കെ.എം.എഫിനെ അമുലുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളൊന്നും സർക്കാറിന് മുന്നിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വിപണി വിപുലമാക്കാൻ കെ.എം.എഫും അമുലും യോജിച്ചുപ്രവർത്തിക്കുമെന്നാണ് കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ പറഞ്ഞത്. രണ്ട സഹകരണ സംഘങ്ങളും ലയിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാർട്ടികൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്’ -അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്, ജെ.ഡി-എസ് എന്നീ പാർട്ടിക്കാരടക്കമുള്ള 19 ഡയറക്ടേഴ്സ് കെ.എം.എഫിന്റെ ബോർഡിലുണ്ട്. ഡയറക്ടർ ബോർഡിന്റേതാണ് അവസാന തീരുമാനം. ഇനി കേന്ദ്രം ലയനത്തിന് നിർദേശിച്ചാലും എതിർക്കും - ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.