വിമാനത്താവളം പാതയിൽ അപകടമേറി; നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു
text_fieldsബംഗളൂരു: വിമാനത്താവളം റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാൻ കാമറകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്.
80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഇത്തരം കാമറകൾ ഒപ്പിയെടുക്കും. പിന്നീട് ഈ വാഹന ഉടമകളിൽനിന്ന് പിഴയീടാക്കും. ട്രാഫിക് പൊലീസിന്റെ കണക്കനുസരിച്ച് ദേവനഹള്ളിയിലൂടെയുള്ള കെംപെഗൗഡ ഇന്റർനാഷനൽ എയർപോർട്ട് റോഡിൽ ഈവർഷം ഏപ്രിൽ 30 വരെ 110 അപകടങ്ങളാണുണ്ടായത്. ഇതിൽ 30 പേർ മരിച്ചു. 111 പേർക്ക് പരിക്കേറ്റു.
അമിതവേഗമാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പരമാവധി 80 കിലോമീറ്ററാണ് ഈ റോഡിലൂടെയുള്ള അനുവദനീയമായ വേഗം. എന്നാൽ 100 കിലോമീറ്ററിന് മുകളിലാണ് ഒട്ടുമിക്ക വാഹനങ്ങളും കുതിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് അതിവേഗത്തിൽ സഞ്ചരിക്കുന്നതിൽ മുൻപന്തിയിൽ.
ബൈക്ക് വീലി ഉൾപ്പെടെയുള്ള ബൈക്ക് അഭ്യാസങ്ങൾ കൂടുതൽ നടക്കുന്നതും ഈ റോഡിലാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനൊപ്പം അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ചിത്രങ്ങൾ റോഡരികുകളിൽ സ്ഥാപിക്കാനും ട്രാഫിക് പൊലീസിന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.