സങ്കടക്കണ്ണീരുമായെത്തിയ കുടുംബത്തിന് ആനന്ദാശ്രു
text_fieldsബംഗളൂരു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സന്നിധിയിലെത്തി സങ്കടം പറഞ്ഞ ഗൂഡല്ലൂർ ഉപ്പട്ടി ഗ്രാമത്തിലെ പട്ടാണിക്കൽ ഷമീറിനും കുടുംബത്തിനും ഇനി സമാധാനത്തോടെ അന്തിയുറങ്ങാം. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ഷമീറിന്റെ മകൾ അൻഷിബയുടെ വിവാഹ ചെലവ് മുഴുവൻ എ.ഐ.കെ.എം.സി.സി ബംഗളൂരു കമ്മിറ്റി ഏറ്റെടുത്തതിന് പുറമെ, ഈ കുടുംബത്തിനായി വീടുമൊരുക്കുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം, ബംഗളൂരു സെൻട്രൽ കമ്മിറ്റി തന്നെയാണ് വീടും നിർമിക്കുന്നത്. കണ്ണൂർ എയർപോർട്ട് ഡയറക്ടറും ഖത്തറിലെ വ്യവസായ പ്രമുഖനുമായ എം.പി. ഹസ്സൻ കുഞ്ഞിയാണ് നിർമാണ ചെലവ് വഹിക്കുക. അൻഷിബയുടെ വിവാഹം ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നടന്നു.
ഷമീറും കുടുംബവും ദിവസങ്ങൾക്കുമുമ്പാണ് മലപ്പുറത്തെ പാണക്കാട്ടെത്തി സങ്കടക്കഥ വിവരിച്ചത്. ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത് കൂലിപ്പണി ചെയ്താണ്. പ്രായമായ മകൾ അൻഷിബക്ക് സമീപപ്രദേശത്തുനിന്ന് നസീർ എന്ന ചെറുപ്പക്കാരന്റെ നല്ലൊരു വിവാഹാലോചന വന്നെങ്കിലും സാമ്പത്തിക പരാധീനതയും കഷ്ടപ്പാടും കാരണം വിഷമത്തിലായിരുന്നു. മകളുടെ കല്യാണമുറപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. താമസിക്കുന്ന വീടിന്റെ വാടക നൽകുന്നതുതന്നെ മഹല്ല് കമ്മിറ്റിയാണ്. തുടർന്ന് ബംഗളൂരുവിൽ കെ.എം.സി.സി നടത്തുന്ന സമൂഹ വിവാഹത്തിൽ അൻഷിബയുടെ മാംഗല്യവും നടക്കുമെന്ന് സാദിഖലി തങ്ങൾ ഉറപ്പുനൽകി.
‘മനസ്സുനിറയെ സന്തോഷവും ആശ്വാസവും തോന്നുന്നു. മോളുടെ കല്യാണം നല്ല രീതിയിൽ തന്നെ നടന്നു. വീടുവെക്കാമെന്നും ഉറപ്പു ലഭിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പടച്ചവന്റെ അനുഗ്രഹം എന്നുമുണ്ടാകും’ -ബംഗളൂരുവിൽനിന്ന് ഗൂഡല്ലൂരിലേക്ക് മടങ്ങുംമുമ്പ് നിറമിഴികളോടെ അൻഷിബയുടെ ഉമ്മ റജീനയുടെ വാക്കുകൾ ഇതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.