കുടക് -ദക്ഷിണ കന്നട അതിർത്തിയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം; നക്സൽ വിരുദ്ധ സേന അന്വേഷണം തുടങ്ങി
text_fieldsമംഗളൂരു: ദക്ഷിണ കന്നട-കുടക് ജില്ല അതിർത്തിയിൽ മടിക്കേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യക്കടുത്ത കൂജിമല എസ്റ്റേറ്റിൽ മാവോയിസ്റ്റുകളുള്ളതായി സുചന. ഈ സാഹചര്യത്തിൽ, കർണാടക നക്സൽ വിരുദ്ധ സേന അന്വേഷണം തുടങ്ങി.രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം ശനിയാഴ്ച സന്ധ്യയോടെ സാധനങ്ങൾ വാങ്ങി മടങ്ങി എന്ന പലചരക്ക് കടയുടമയുടെ മൊഴി പിന്തുടർന്നാണ് അന്വേഷണം.
25 കിലോഗ്രാം അരി,പയർ വർഗങ്ങൾ, പഞ്ചസാര, ബേക്കറി ഇനങ്ങൾ എന്നിങ്ങനെ 3500 രൂപയുടെ സാധനങ്ങൾ വാങ്ങി എന്നാണ് കടയുടമ രാമലിംഗം പറഞ്ഞത്. വനപാലകരുടെ വേഷത്തിൽ റൈഫിൾ ധാരികളായി വന്ന സംഘം വനം ഉദ്യോഗസ്ഥർ എന്നാണ് പരിചയപ്പെടുത്തിയത്.വനം വകുപ്പ് ഓഫീസ് ഭാഗത്തൂടെയാണ് തിരിച്ചു പോയത്. നാല് സഹപ്രവർത്തകർ വനത്തിലെ മുറിയിൽ താമസിക്കുന്നുണ്ടെന്നും കന്നടയിലും മലയാളത്തിലും സംസാരിച്ച സംഘം കടയുടമയോട് പറഞ്ഞു.
ഞായറാഴ്ച കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ തനിക്ക് പരിചയമുള്ള വനപാലകരോട് തലേന്ന് വന്നവരെക്കുറിച്ച് രാമലിഗം പറയുകയായിരുന്നു.വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
കാർക്കള നക്സൽ വിരുദ്ധ സേനയിലെ 60 അംഗങ്ങൾ ഉൾപ്പെട്ട സംഘത്തെ കൂജിമല മേഖലയിൽ വിന്യസിച്ചതായി എഎൻഎഫ്(ആന്റി നക്സൽ ഫോഴ്സ്) വിഭാഗം ഡിവൈഎസ്പി രാഘവേന്ദ്ര'മാധ്യമ'ത്തോട് പറഞ്ഞു.കൂജിമല,കടമക്കല്ല്,ഉപ്പുകല മേഖലയിലാണ് സേന അന്വേഷണം നടത്തുന്നത്.വിക്രം ഗൗഡ,ജിഷ,ലത, സന്തോഷ് എന്നീ മാവോയിസ്റ്റുകളാണ് കടയിൽ വന്നതെന്ന് സംശയിക്കുന്നതായും അറിയിച്ചു. കുടക് ജില്ല പൊലീസ് സൂപ്രണ്ട് രാമരാജൻ,മടിക്കേരി സർക്ൾ ഇൻസ്പെക്ടർ ഉമേഷ് ഉപ്പലികെ, സബ് ഇൻസ്പെക്ടർ സുബ്രഹ്മണ്യ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കൂജിമല സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.