ഷിരൂരിന്റെ കാണാപ്പുറത്തുണ്ട് കിടപ്പാടം മണ്ണെടുത്ത കുടുംബങ്ങളുടെ ദൈന്യത
text_fieldsമംഗളൂരു: കുന്നിടിച്ചിൽ ദുരന്തമുണ്ടായ ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോള ദേശീയപാത 66നപ്പുറം ഗംഗാവാലി പുഴയുടെ മറുകരയിലുണ്ട് കിടപ്പാടം നഷ്ടപ്പെട്ട ചിലരുടെ ദൈന്യത. കുന്നിടിഞ്ഞ് ടൺ കണക്കിന് മണ്ണ് ഒന്നിച്ച് പതിച്ചപ്പോൾ കരകവിഞ്ഞും ഗതിമാറിയും ഒഴുകിയ പുഴ ആർത്തലച്ചുവന്ന നേരം ജീവനും കൊണ്ടോടുകയായിരുന്നു തീരവാസികൾ. തിരിച്ചുവന്നപ്പോൾ വീടുകളുടെ അടയാളങ്ങൾ പോലും ശേഷിക്കാതെ, പുഴയെടുത്തിരുന്നു. രക്ഷപ്പെടാൻ കഴിയാതെ വെള്ളത്തിലകപ്പെട്ട സന്ന ഹനുമന്തപ്പയുടെ (65) മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. ഏഴ് വീടുകൾ പൂർണമായി നശിച്ചു. 21വീടുകൾ നവീകരണം അസാധ്യമാം വിധം ഭാഗികമായി തകർന്ന നിലയിലുമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സർക്കാർ സഹായം പ്രഖ്യാപിച്ചെങ്കിലും ദുരന്തങ്ങളുടെ മറ്റു വശങ്ങളിലേക്ക് ജില്ല ഭരണകൂട ശ്രദ്ധ പതിനൊന്നാം ദിവസവും തിരിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
ഉടുതുണിക്ക് മറുതുണിയും ജീവനോപാധികളും നഷ്ടമായ കുടുംബങ്ങൾക്കരികിലേക്ക് ഉഡുപ്പി, ദക്ഷിണ കന്നട, ഉത്തര കന്നട ജില്ലകളിലെ എച്ച്.ആർ.എസ് (ഹ്യൂമറ്റേറിയൻ റിലീഫ് സൊസൈറ്റി) വളന്റിയർമാർ സന്ദർശിച്ച് റേഷൻ വിതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മൗലാന എസ്.എം. സുബൈർ, മംഗളൂരു മേഖല സെക്രട്ടറി അമീർ, ഉത്തര കന്നട ജില്ല പ്രസിഡന്റ് ഖമറുദ്ദീൻ മശൈഖ്, ഭട്കൽ അനാം അല, ഫർഹാൻ അജയെബ്, ശഫാത്ത് ശബന്തരി എന്നിവർ നേതൃത്വം നൽകി.
അതിനിടെ, മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുനെയും(30) ലോറിയും കണ്ടെത്താനുള്ള ശ്രമത്തിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശി ഡ്രൈവർ ശരവണന്റേതാണെന്ന് (51) തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കരയില്‍ നടന്ന പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് ലഭിച്ചിരുന്ന ശരീരഭാഗത്തിന്റെ ഡി.എൻ.എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ശരവണന്റെ ടാങ്കറിന്റെ ടാങ്ക് ഭാഗം നേരത്തെ ഏഴ് കിലോമീറ്റർ അകലെ പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശരവണനെ അന്വേഷിക്കുന്നതിനായി അദ്ദേഹത്തിന്റെ മാതാവ് ഷിരൂരിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.