ദേശീയപാതയിലെ മണ്ണിടിച്ചിൽ; പ്രതീക്ഷ കൈവിടാതെ അർജുന്റെ കുടുംബം
text_fieldsകേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ദുരന്തസ്ഥലത്തെത്തി
ബംഗളൂരു: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ശനിയാഴ്ച ദുരന്ത പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മലയിടിച്ചിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ദുരിതബാധിതർക്കുള്ള സഹായം, ഹൈവേയിലെ ചളിനീക്കൽ, ഗംഗാവലി നദിയിലെ വെള്ളപ്പൊക്കം, മഴക്കെടുതി എന്നിവയെക്കുറിച്ച് മന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മണ്ണ് നീക്കുന്നതിലും മറ്റ് പരിഹാര പ്രവർത്തനങ്ങളിലും ജില്ല ഭരണകൂടവും പൊലീസ് വകുപ്പും സ്വീകരിച്ച നടപടികളിൽ അദ്ദേഹം സംതൃപ്തി അറിയിച്ചു.
തിരച്ചിലിന് പുറത്തുനിന്നുള്ളവർ എത്തേണ്ട സാഹചര്യമില്ലെന്നും രക്ഷാപ്രവർത്തനം പൂർണതോതിലാണെന്നും കുമാരസ്വാമി വിശദീകരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ഷിരൂരിൽ എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. രാവിലെ 10ന് ദുരന്ത സ്ഥലത്തെത്തുമെന്നാണ് വിവരം. ഉത്തരകന്നഡ ചുമലതയുള്ള മന്ത്രി മംഗൾ വൈദ്യ ശനിയാഴ്ച രാവിലെ ഷിരൂരിലെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
‘ഒന്നോ രണ്ടോ ദിവസം കാത്തുനിൽക്കൂ’ -കുമാരസ്വാമി
ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഉൾപ്പെട്ടെന്ന് കരുതുന്ന അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് അഭ്യർഥിച്ച സഹോദരൻ ജിതിനോട് ‘ഒന്നോ രണ്ടോ ദിവസം കൂടി കാത്തുനിൽക്കൂ’ എന്നായിരുന്നു സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രതികരണം. ജീവന് ഒരു പരിഗണനയുമില്ലെന്നും ജീവൻരക്ഷാ പ്രവർത്തനമല്ല ഷിരൂരിൽ നടക്കുന്നതെന്നും മണ്ണുനീക്കുന്ന പ്രവൃത്തി മാത്രമാണെന്നും ജിതിൻ ചൂണ്ടിക്കാട്ടി. ജിതിനും ലോറി ഉടമ മനാഫും ഉൾപ്പെടെയുള്ളവർ പ്രതീക്ഷയോടെ ഷിരൂരിൽ കഴിയുകയാണ്.
ഏറെ ദുരന്തമേഖലകളിൽ പ്രവർത്തിച്ച് പരിചയമുള്ള മലയാളിയായ ശ്രീജിത്ത് ഇസ്രയേൽ ശനിയാഴ്ച രാവിലെ ഷിരൂരിലെത്തിയിരുന്നു. പൊലീസ് സംഘം ഇവരെ തടഞ്ഞതിനെതുടർന്ന് ലോറി ഉടമ മനാഫുമായി തർക്കമുണ്ടായി. തുടർന്ന് ഉത്തര കന്നട എസ്.പി അടക്കമുള്ള പൊലീസുകാർ മർദിച്ചതായി മനാഫ് പരാതിപ്പെട്ടു. പിന്നീട് രഞ്ജിത്തിന്റെ രേഖകൾ പരിശോധിച്ചശേഷം രക്ഷാപ്രവർത്തനത്തിൽ അധികൃതർ പങ്കാളിയാക്കി.
മനുഷ്യ പ്രയത്നത്തിനപ്പുറം യന്ത്രഉപകരണങ്ങൾ രക്ഷാപ്രവർത്തനത്തിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കർണാടക അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വൻ ദുരന്തം നടന്ന സ്ഥലത്ത് ഏതാനും മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുമാത്രമാണ് മണ്ണുനീക്കൽ പ്രവൃത്തി നടക്കുന്നത്. കുന്നിടിഞ്ഞ് നൂറു മീറ്ററിലേറെ നീളത്തിലും ആറു മീറ്ററോളം ഉയരത്തിലും മൺകൂന രൂപപ്പെട്ടിരുന്നു.
അഞ്ചുദിവസമായിട്ടും ദേശീയപാതയിൽ ഒരുവശത്തുള്ള മൺകൂന നീക്കാൻ മാത്രമാണ് അധികൃതർക്ക് കഴിഞ്ഞത്. വെള്ളിയാഴ്ച ഏഴു മണ്ണുമാന്തി യന്ത്രങ്ങൾവരെ ഉപയോഗിച്ചിടത്ത് ശനിയാഴ്ച വൈകീട്ട് നാല് യന്ത്രങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചത്. കനത്ത മഴയെതുടർന്ന് ശനിയാഴ്ച രാത്രി എട്ടരയോടെ അധികൃതർ തെരച്ചിൽ അവസാനിപ്പിച്ചു. 17 പേർ ദുരന്തത്തിൽ ഉൾപ്പെട്ടതായാണ് നിഗമനം.
ഇതിൽ ഏഴുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. അർജുനടക്കം 10 പേർക്കായാണ് കരയിലും ഗംഗാവാലി നദിയിലുമായി തെരച്ചിൽ നടക്കുന്നത്. ശനിയാഴ്ച കർണാടക ചീഫ് സെക്രട്ടറിയും ഐ.ജിയും ദുരന്തസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.