ഷിരൂർ; കലങ്ങിയ നദിയിലിറങ്ങിയ ഈശ്വർ മൽപെയെ പൊലീസ് തിരിച്ചുകയറ്റി
text_fieldsബംഗളൂരു/ മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂര്‍ അങ്കോളയിൽ മണ്ണിടിച്ചിലില്‍ കാണാതായവർക്കുവേണ്ടി ഗംഗാവാലി നദിയിൽ ഞായറാഴ്ച തിരച്ചിലിനിറങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയെ പൊലീസ് തിരിച്ചുകയറ്റി. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ടുവന്ന് നദിയിലെ മൺതിട്ടകൾ നീക്കും വരെ എല്ലാ തിരച്ചിലുകളും നിർത്താൻ ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ ലക്ഷ്മി പ്രിയ പുറപ്പെവിച്ച ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ജഗന്നാഥന്റെ കുടുംബത്തിന്റെ ആവശ്യം മുൻനിർത്തിയാണ് തിരച്ചിലിനെത്തിയതെന്ന് ഈശ്വർ പറഞ്ഞു. ജഗന്നാഥന്റെ മകൾ കൃതിയും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ഷിരൂരില്‍ നടക്കുന്നത് കനത്ത അനീതിയാണ്. ഈശ്വര്‍ മല്‍പെയെ തടയുന്നതില്‍ അമര്‍ഷമുണ്ടെന്നും കൃതിക പറഞ്ഞു.
അതേസമയം, ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ടുവന്ന് ഗംഗാവാലി നദിയിൽ തുടർ തിരച്ചിലിനുള്ള സാധ്യത മങ്ങി. ഡ്രഡ്ജർ ഷിരൂരിലെത്തിക്കാൻ ഒരു കോടിയോളം രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടൽ. ഇത്രയും ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്.
ഉത്തര കന്നട ജില്ല ഭരണകൂടം ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, സാമ്പത്തിക ചെലവിന്റെ കാരണത്താൽ തിരച്ചിൽ മുടങ്ങരുതെന്ന് അർജുന്റെ ലോറി ഉടമയായ മനാഫ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. അർജുനെ കണ്ടെത്തും വരെ തിരച്ചിൽ തുടരണം. അധികൃതർ അനുമതി നൽകിയാൽ, അതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കാൻ തയാറാണെന്നും മനാഫ് അറിയിച്ചു.
തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ചിലർ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കൂടാതെ മണ്ണിടിച്ചിലിൽ കാണാതായ ഉത്തര കന്നട സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരുടെ കുടുംബത്തെ ഈശ്വർ മൽപെ സന്ദർശിച്ചു. തിങ്കളാഴ്ച മനാഫിനൊപ്പം ഈശ്വർ മൽപെ അർജുന്റെ വീട് സന്ദർശിക്കും. അർജുനായുള്ള തിരച്ചിൽ ശനിയാഴ്ച താൽക്കാലികമായി നിർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.