‘അന്നഭാഗ്യ’, ‘ഗൃഹജ്യോതി’ പദ്ധതികൾ തുടങ്ങി
text_fieldsബംഗളൂരു: പത്തു കിലോ സൗജന്യ അരി നൽകുന്ന ‘അന്നഭാഗ്യ’, 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ എന്നീ പദ്ധതികൾ സംസ്ഥാനത്ത് ശനിയാഴ്ച മുതൽ പ്രാബല്യത്തിലായി. കോൺഗ്രസ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണിവ. പദ്ധതി പ്രകാരം വിതരണം ചെയ്യാനുള്ള അരി എത്തിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ ഇതിന് പകരമായി ജനങ്ങൾക്ക് പണം നൽകുകയാണ് നിലവിൽ ചെയ്യുക. ഇതുപ്രകാരം ജൂലൈ 10ന് ശേഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബി.പി.എൽ കുടുംബങ്ങളിലെ ഓരോ അംഗത്തിനും പത്തു കിലോ വീതം അരി സൗജന്യമായി നൽകുന്നതാണ് ‘അന്നഭാഗ്യ’. ഇതിൽ അഞ്ചുകിലോ അരി കേന്ദ്ര സർക്കാറിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചുവരുന്നുണ്ട്. എന്നാൽ, ബാക്കി അഞ്ചുകിലോ അരി ലഭ്യമാക്കാൻ സംസ്ഥാന സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിക്ക് തുരങ്കം വെക്കാനായി കേന്ദ്രസർക്കാർ അരി നൽകാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് (എഫ്.സി.ഐ) അരി വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല. എഫ്.സി.ഐയിൽനിന്ന് സംസ്ഥാന സർക്കാറിന് അരി വിൽക്കുന്നത് കേന്ദ്രസർക്കാർ നിർത്തിയതിനാലാണിത്. ഇതിനാൽ നിലവിൽ അഞ്ചുകിലോ അരിയും ബാക്കി അഞ്ചു കിലോക്കുള്ള പണവും നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കിലോക്ക് 34 രൂപ നിരക്കിലാണ് പണം നൽകുക. ജൂലൈയിലെ പണം ജൂലൈയിൽ തന്നെ നൽകും. പദ്ധതിക്കായി മാസം 840 കോടി രൂപയാണ് ചെലവ് വരുക. വർഷം 10,092 കോടി രൂപയും. 2.28 ലക്ഷം ടൺ അരിയാണ് പദ്ധതി തുടങ്ങാനായി ആവശ്യമുള്ളത്.
വീടുകൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതിയും ശനിയാഴ്ച മുതൽ നിലവിൽ വന്നു. 200 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം. നിബന്ധനകളില്ലാതെ 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുകയല്ല ചെയ്യുന്നത്. ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കും. ഇതിൽ 10 ശതമാനം കൂടി ആനുകൂല്യം നൽകിയാണ് പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
ഒരു വർഷത്തെ ആകെ ഉപയോഗിച്ച യൂനിറ്റ് കൂട്ടിയതിൽ 10 ശതമാനം അധിക ആനുകൂല്യവും നൽകിയശേഷം അതിന്റെ ശരാശരി 200 യൂനിറ്റിൽ അധികമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് ജൂലൈ മുതൽ ബില്ലടക്കേണ്ടിവരില്ല.
ജൂൺ 30 വരെയുള്ള കുടിശ്ശിക മൂന്നു മാസത്തിനുള്ളിൽ അടച്ചുതീർക്കണം. 200 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഇതിന്റെ ബിൽ നൽകും. 200 യൂനിറ്റിൽ കുറവ് ഉപയോഗിക്കുന്നവർക്ക് അടക്കേണ്ട സംഖ്യയിൽ പൂജ്യം രേഖപ്പെടുത്തിയ ബിൽ ആകും നൽകുക.
സർക്കാർ ബസുകളിൽ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി ജൂൺ 11 മുതൽ നടപ്പാക്കിയിരുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ നാലു സ്ഥാപനങ്ങളുടെ സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ ഇതുപ്രകാരം സൗജന്യ യാത്ര നടത്താം. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തി വരെ യാത്ര ചെയ്യാം. അതിർത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും സൗജന്യമായി യാത്ര ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.