അന്നഭാഗ്യ പദ്ധതി: അഞ്ചു കിലോ അരിക്കുള്ള പണം ഇന്നുമുതൽ
text_fieldsബംഗളൂരു: പത്തു കിലോ സൗജന്യ അരി നൽകുന്ന ‘അന്നഭാഗ്യ’ പദ്ധതിയിൽ അഞ്ചു കിലോക്കുള്ള അരിയുടെ പണം തിങ്കളാഴ്ച മുതൽ നൽകും. ബി.പി.എൽ, അന്ത്യോദയ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്തു കിലോ വീതം അരി സൗജന്യമായി നൽകുന്നതാണ് ‘അന്നഭാഗ്യ’.
കോൺഗ്രസ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണിത്. ഇതിൽ അഞ്ചു കിലോ അരി കേന്ദ്ര സർക്കാറിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചുവരുന്നുണ്ട്. എന്നാൽ, ബാക്കി അഞ്ചു കിലോ അരി ലഭ്യമാക്കാൻ സംസ്ഥാന സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിക്ക് തുരങ്കം വെക്കാനായി കേന്ദ്രസർക്കാർ അരി നൽകാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് (എഫ്.സി.ഐ) അരി വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല. എഫ്.സി.ഐയിൽനിന്ന് സംസ്ഥാന സർക്കാറിന് അരി വിൽക്കുന്നത് കേന്ദ്രസർക്കാർ നിർത്തിയതിനാലാണിത്. ഇതിനാൽ നിലവിൽ അഞ്ചു കിലോ അരിയും ബാക്കി അഞ്ചു കിലോക്കുള്ള പണവും നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കിലോക്ക് 34 രൂപ നിരക്കിലാണ് പണം നൽകുക. പദ്ധതിക്കായി മാസം 840 കോടി രൂപയാണ് ചെലവു വരുക; വർഷം 10,092 കോടി രൂപയും. 2.28 ലക്ഷം ടൺ അരിയാണ് പദ്ധതി തുടങ്ങാനായി ആവശ്യമുള്ളത്.
തിങ്കളാഴ്ച മുതൽ കിലോക്ക് 34 രൂപ നിരക്കിൽ അഞ്ചു കിലോക്കുള്ള തുകയാണ് നൽകുകയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് ഇതിനുള്ള ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) പദ്ധതി ഉദ്ഘാടനം ചെയ്യും. 15 ദിവസത്തിനകം എല്ലാ ഗുണഭോക്താക്കൾക്കും അവരവരുടെ അക്കൗണ്ടുകളിൽ പണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
പദ്ധതിക്ക് ആവശ്യമായ അരി ലഭിച്ചുകഴിഞ്ഞാൽ പണം നൽകുന്നത് നിർത്തി പത്തു കിലോ അരി മുഴുവനായും നൽകും. സംസ്ഥാനത്ത് ബി.പി.എൽ റേഷൻ കാർഡുള്ള 1.29 കോടി കുടുംബങ്ങളാണുള്ളത്. ഇതിൽ 4.41 കോടി അംഗങ്ങളാണുള്ളത്. വീടുകൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി, സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി എന്നിവ ഇതിനകം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.