ബംഗളൂരു-മംഗളൂരു റൂട്ടിൽ വീണ്ടും മണ്ണിടിച്ചിൽ; കണ്ണൂർ എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകൾ റദ്ദാക്കി
text_fieldsമംഗളൂരു: ബംഗളൂരു -മംഗളൂരു റൂട്ടിൽ റെയിൽ പാളത്തിൽ വീണ്ടും മണ്ണിടിഞ്ഞതിനെ തുടർന്ന് കണ്ണൂർ (16511), ബംഗളൂരു (16512) എക്സ്പ്രസ് ട്രെയിനുകൾ ശനിയാഴ്ച പാതിവഴിയിൽ റദ്ദാക്കി. മൈസൂരു ഡിവിഷന് കീഴിലെ സകലേഷ്പുര, ബല്ലുപേട്ട് സ്റ്റേഷനുകൾക്കിടയിലാണ് വെള്ളിയാഴ്ച അർധരാത്രി 12.30ഓടെ മണ്ണിടിച്ചിലുണ്ടായത്.
കഴിഞ്ഞ മാസം 26ന് മണ്ണിടിഞ്ഞ മേഖലയിൽ മറ്റൊരു ഭാഗത്തായാണ് വെള്ളിയാഴ്ച രാത്രി മണ്ണിടിഞ്ഞത്. കൂറ്റൻ കല്ലുകളും മരങ്ങളും ഉൾപ്പെടെ പാളത്തിൽ പതിക്കുകയായിരുന്നു. മണ്ണ് നീക്കംചെയ്ത് ഹാസൻ, മംഗളൂരു ഭാഗങ്ങളിലേക്ക് ട്രെയിനുകളുടെ സർവിസ് തുടരാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഇതോടെ സകലേഷ്പുര, യഡകുമേരി, ഷിരിബാഗിലു, ആലൂർ എന്നിവിടങ്ങളിൽ പിടിച്ചിട്ട ആറ് ട്രെയിനുകളുടെ തുടർ സർവിസ് റദ്ദാക്കി.
വെള്ളിയാഴ്ച രാത്രി 9.38ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട കണ്ണൂർ എക്സ്പ്രസ് അർധരാത്രി സകലേഷ്പുരക്കടുത്ത ആലുർ ഹാൾട്ട് സ്റ്റേഷനിൽ പിടിച്ചിട്ടു. ഈ ട്രെയിൻ 11 മണിക്കൂറിനു ശേഷം ഹാസനിലേക്ക് മടങ്ങി. പിന്നാലെ കണ്ണൂരിലേക്കുള്ള സർവിസ് റദ്ദാക്കിയതായി ഉച്ചക്ക് ഒരു മണിയോടെ അറിയിപ്പ് വന്നു.
കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ റെയിൽവേ ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസുകളിൽ ശനിയാഴ്ച മൂന്നോടെ ഹാസനിൽനിന്ന് പുറപ്പെട്ട് മംഗളൂരുവിൽ എത്തിച്ചു. യാത്രക്കാർക്ക് കുപ്പിവെള്ളം, പ്രാതൽ, ഉച്ചഭക്ഷണം എന്നിവ സൗജന്യമായി ലഭ്യമാക്കിയിരുന്നു.
വെള്ളിയാഴ്ച രാത്രി പുറപ്പെട്ട എസ്.എം.വി.ടി ബംഗളൂരു -മുരുഡേശ്വർ എക്സ്പ്രസ് (16585) ഹാസനിലും മുരുഡേശ്വർ -എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ് (16586) സകലേഷ്പുരിലും കാർവാർ -കെ.എസ്.ആർ ബംഗളൂരു പഞ്ചഗംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16596) ഡോണിഗലിലും പിടിച്ചിട്ടു. യശ്വന്ത്പുർ -മംഗളൂരു ജങ്ഷൻ എക്സ്പ്രസ് (16539) ചന്നരായ പട്ടണയിൽ പിടിച്ചിട്ടു.
ഈ ആറ് ട്രെയിനുകൾ കൂടാതെ എസ്.എം.വി.ടി ബംഗളൂരു -മുരുഡേശ്വർ എക്സ്പ്രസ് (16585), വിജയപുര -മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് (07377), മംഗളൂരു സെൻട്രൽ -വിജയപുര സ്പെഷൽ എക്സ്പ്രസ് (07378), കെ.എസ്.ആർ ബംഗളൂരു -കാർവാർ എക്സ്പ്രസ് (16595) എന്നിവയുടെ യാത്ര ശനിയാഴ്ച പൂർണമായും റദ്ദാക്കി.
കാർവാർ- കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16516) ശനിയാഴ്ച മംഗളൂരു വരെ മാത്രം സർവിസ് നടത്തി. 189 യാത്രക്കാർക്ക് റെയിൽവേ റീഫണ്ട് നൽകി. 1980 യാത്രക്കാരെ 26 ബസുകളിലായി ലക്ഷ്യസ്ഥാനത്തെത്തിച്ചു.
യെടകുമേരിക്കും കഡഗരവാലിക്കുമിടയിൽ റെയിൽ പാളത്തിൽ മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് മുടങ്ങിയ ബംഗളൂരു ഹാസൻ -മംഗളൂരു -കണ്ണൂർ ട്രെയിൻ സർവിസ് 14ാം ദിവസമായ വ്യാഴാഴ്ചയാണ് ഭാഗികമായി പുനരാരംഭിച്ചത്.
വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ മേഖലയിലെ റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മണ്ണുമാന്തിയന്ത്രങ്ങളും 450 തൊഴിലാളികളുമടക്കം അപകടസ്ഥലത്ത് മണ്ണുനീക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.