കർണാടകയിലെ എല്ലാ സർക്കാർ ഓഫിസുകളിലും അഴിമതിവിരുദ്ധ ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം
text_fieldsബംഗളൂരു: എല്ലാ സർക്കാർ ഓഫിസുകളിലും അഴിമതിവിരുദ്ധ ബോർഡുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നിർദേശം. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനം തുടങ്ങി ഒരു വർഷത്തേക്കാണ് ബോർഡുകൾ സ്ഥാപിക്കേണ്ടത്. സിറ്റിസൺ എൻക്വയറി കൗൺസിലും സി.ഇ.സി ട്രസ്റ്റും അഴിമതി വിരുദ്ധ കാമ്പയിൻ നടത്തുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണിത്. ഇവരുടെ നിർദേശം സർക്കാർ അംഗീകരിക്കുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായി എല്ലാ സർക്കാർ ഓഫിസുകളിലും 'ആരും എനിക്ക് കൈക്കൂലി തരേണ്ടതില്ല, ഞാനൊരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ല' എന്ന ബോർഡാണ് സ്ഥാപിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് സർക്കാർ പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് വകുപ്പിന് അയച്ചിട്ടുണ്ട്.
സർക്കാറിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് രൂക്ഷമായ പ്രചാരണം നടത്തുന്നതിനിടെയാണ് ഇത്തരത്തിലുള്ള ബോർഡ് സർക്കാർ ഓഫിസുകളിൽ വരുന്നതെന്നത് ശ്രദ്ധേയമാണ്. സർക്കാർ തലത്തിൽ എല്ലാ മേഖലയിലും അഴിമതി നടക്കുകയാണെന്ന് കരാറുകാരുടെ സംഘടനയായ കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇത് ഏറ്റുപിടിച്ചായിരുന്നു കോൺഗ്രസിന്റെ വ്യാപക പ്രചാരണം.
ബസവരാജ് ബൊമ്മൈ പേ സി.എം മുഖ്യമന്ത്രിയാണെന്ന് എഴുതിയ ക്യു.ആർ. കോഡുമുള്ള വ്യത്യസ്ത പോസ്റ്ററുകൾ ബംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം പതിച്ചിരുന്നു. ബൊമ്മൈയുടെ ചിത്രമടങ്ങിയ പോസ്റ്ററിൽ 40 ശതമാനം ഇവിടെ സ്വീകരിക്കുമെന്നും എഴുതിയിട്ടുണ്ട്.
പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയടുത്ത് കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്. കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സമൂഹ മാധ്യമ വിഭാഗം മുൻ ചെയർമാൻ ബി.ആർ. നായിഡു, കെ.ആർ. പുരം ദേവദന്ദ്ര സ്വദേശി ഗഗൻ യാദവ് എന്നിവരെ ഇതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും ഇതേ പോസ്റ്ററുകൾ പതിച്ചിരുന്നു. കോൺഗ്രസിന്റെ പോസ്റ്ററുകൾ ബി.ജെ.പിക്ക് ഏറെ അലോസരമുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.