കേന്ദ്ര സർക്കാറിന്റേത് ദേശവിരുദ്ധ ഭരണം; യോജിച്ച പോരാട്ടത്തിന് സി.ഐ.ടി.യു നേതൃത്വം നൽകും
text_fieldsബംഗളൂരു: കേന്ദ്ര സർക്കാറിന്റെ മനുഷ്യത്വ വിരുദ്ധ അപരിഷ്കൃത ഭരണത്തിനെതിരെ മറ്റു തൊഴിലാളി സംഘടനകളുമായി ചേർന്ന് സി.ഐ.ടി.യു ശക്തമായ പോരാട്ടം നടത്തുമെന്ന് ജനറൽ സെക്രട്ടറി തപൻ സെൻ. ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ വിഭജിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണ് കേന്ദ്ര സർക്കാർ. ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ അമ്പേ പരാജയപ്പെട്ടു. ജനവിരുദ്ധവും ദേശവിരുദ്ധവുമാണ് ഭരണം. ഇന്ത്യയുടെ സാമ്പത്തികാവസ്ഥ പാടെ തകർന്നു. പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി സർക്കാർ കുത്തകകൾക്ക് വിൽക്കുകയാണ്. ലോകത്താകമാനം വലതുപക്ഷ തീവ്രസംഘടനകൾ സജീവമാണ്. ഇവർ സമൂഹത്തിൽ വെറുപ്പ് പരത്തുന്നു. ഇന്ത്യയിലും സമാന സ്ഥിതിയാണ്. വെറുപ്പ് പരത്തുന്നതിന് സർക്കാർതന്നെ പിന്തുണ നൽകുന്നു. വലതുപക്ഷ തീവ്രവാദികൾ ജനത്തെ വിഭജിച്ച് തമ്മിലടിപ്പിക്കുകയാണ്. തൊഴിലാളികളുടേതടക്കം എല്ലാവരുടെയും ജീവിതം ദുസ്സഹമായി. ഇവക്കെതിരെ ദേശീയതലത്തിലെ പോരാട്ടത്തിന് സി.ഐ.ടി.യു നേതൃത്വം നൽകും. രാജ്യത്തിന്റെ അഭിമാനങ്ങളായ പൊതുമേഖല സ്ഥാപനങ്ങളെ കുത്തകകൾക്ക് വിൽക്കുകയാണ് കേന്ദ്ര സർക്കാർ. ബംഗളൂരുവിലെയും പാലക്കാട്ടെയും ബെമൽ അടക്കമുള്ള സ്ഥാപനങ്ങൾ ഇതിന് ഉദാഹരണമാണ്. മഹാരാഷ്ട്രയിലും കശ്മീരിലും ഹരിയാനയിലും വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. മോദി സർക്കാറിന്റെ നവലിബറൽ നയങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന് കരുത്തേകുന്ന തീരുമാനങ്ങൾ സമ്മേളനത്തിലുണ്ടാകും.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് 1570 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് അറുനൂറോളം പ്രതിനിധികളുണ്ട്. 22ന് നാഷനൽ കോളജ് ഗ്രൗണ്ടിൽ പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക. ദേശീയ സെക്രട്ടറി കെ.എൻ. ഉമേഷ്, അർകരാജ് പണ്ഡിറ്റ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.