തീവ്രവാദവിരുദ്ധ സേനയെ ശക്തിപ്പെടുത്തും -മുഖ്യമന്ത്രി
text_fieldsബംഗളൂരു: സംസ്ഥാനത്ത് തീവ്രവാദവിരുദ്ധ സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
നശീകരണശക്തികൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇത് ചെറുക്കാൻ തീവ്രവാദവിരുദ്ധ സേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും കൂടുതൽ ജയിലുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് രക്തസാക്ഷി ദിനാചരണത്തിൽ അവർക്ക് ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജോലിക്കിടെ മരിച്ച പൊലീസുകാരുടെ സേവനങ്ങൾ അദ്ദേഹം സ്മരിച്ചു. കർണാടക പൊലീസിന് സമ്പന്നമായ ചരിത്രമാണുള്ളത്. ജനസംഖ്യ വർധിക്കുന്നതിനൊപ്പം സമൂഹത്തിൽ ദുഷ്ടശക്തികളുടെ സ്വാധീനവും കൂടുകയാണ്. അവർ സമൂഹത്തിലെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. പൊലീസ് സേനയെ നവീകരിക്കുന്നതിനുള്ള നടപടികളിലാണ് സർക്കാർ. ആധുനിക ആയുധങ്ങളും ഉന്നത പരിശീലനവും പൊലീസിന് നൽകും. പൊലീസ് മ്യൂസിയം സ്ഥാപിക്കും. ആന്റി ടെററിസം സ്ക്വാഡ് (എ.ടി.എസ്), ജയിലുകളുടെ എണ്ണം കൂട്ടൽ തുടങ്ങിയവ നടപ്പാക്കും. നടന്നുകഴിഞ്ഞ കുറ്റകൃത്യങ്ങളിൽ ശിക്ഷ നടപ്പാക്കുന്നതരത്തിലാണ് നിയമങ്ങൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യത മുന്നിൽകണ്ട് അത് ഒഴിവാക്കാനുള്ള നടപടികളാണ് ആവശ്യം. അതിനുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നതെന്നും ബൊമ്മൈ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർ മികച്ച രീതിയിൽ ജോലിചെയ്താൽ താഴെയുള്ള ഉദ്യോഗസ്ഥരും മികച്ച നിലയിൽ ജോലിചെയ്യും. മറ്റു സംസ്ഥാനങ്ങളേക്കാൾ പൊലീസ് സേനക്ക് സൗകര്യങ്ങൾ നൽകുന്നത് കർണാടകയാണ്. വർഷത്തിൽ നാലായിരം മുതൽ അയ്യായിരം വരെ പൊലീസുകാരെയാണ് കർണാടകയിൽ നിയമിക്കുന്നത്. നിയമനം അഴിമതിരഹിതമാകണം. പൊലീസിന്റെ ആത്മവിശ്വാസം കൂടണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം പൊലീസ് സ്റ്റേഷനുകളുടെ നിർമാണപ്രവർത്തനം കൂടി. അടുത്ത വർഷത്തോടെ എല്ലാ സ്റ്റേഷനുകൾക്കും സ്വന്തം കെട്ടിടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.