കർണാടക മലയാളി കോൺഗ്രസ് നോർക്ക കാർഡിനുള്ള അപേക്ഷകൾ സമർപ്പിച്ചു
text_fieldsബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സമാഹരിച്ച കേരള സർക്കാറിന്റെ പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ്/തിരിച്ചറിയൽ കാർഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള അഞ്ചാംഘട്ട അപേക്ഷകൾ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് നോർക്ക ഓഫിസിൽ സമർപ്പിച്ചു. 18 മുതൽ 70 വയസ്സ് വരെയുള്ള പ്രവാസി മലയാളികൾക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപയാണ് പരിരക്ഷ ലഭിക്കുന്നത്. നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാവുന്നതാണ്. കേരളത്തിനുപുറത്തു താമസിക്കുന്നവർ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റസിഡന്റ് സർട്ടിഫിക്കറ്റിനു പകരമായി നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചാൽ മതിയാകും. പ്രവാസി മലയാളികൾക്ക് നേരിട്ടോ www.norkaroots.org എന്ന വെബ്സൈറ്റിലൂടെയോ മലയാളി സംഘടനകൾ മുഖാന്തരമോ ക്ഷേമ പദ്ധതികളിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 080-25585090
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.