സൈനിക ശക്തി വിളിച്ചോതി കരസേന ദിനാചരണം; സൈന്യം ഭാവിക്കുവേണ്ടി സജ്ജരായിരിക്കണം- രാജ്നാഥ് സിങ്
text_fieldsബംഗളൂരു: സൈന്യം ഭാവിക്കുവേണ്ടി സജ്ജരായിരിക്കണമെന്നും റഷ്യ- യുെക്രയ്ൻ യുദ്ധത്തിൽനിന്ന് സൈന്യം പാഠമുൾക്കൊള്ളണമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളോട് സംസാരിച്ചതിനെ തുടർന്നുണ്ടായ റഷ്യയും യുക്രെയ്നും തമ്മിലെ വെടിനിർത്തൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗളൂരുവിൽ ഞായറാഴ്ച നടന്ന രാജ്യത്തിന്റെ എഴുപത്തഞ്ചാമത് കരസേന ദിന പരേഡിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഇന്ത്യ സംസാരിക്കുമ്പോൾ ആരുമത് ഗൗരവമായെടുത്തിരുന്നില്ലെന്നും എന്നാൽ, ഇന്ന് ലോകം ഇന്ത്യയെ ശ്രദ്ധയോടെ കേൾക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
മനുഷ്യ വിഭവശേഷിയിൽനിന്ന് സാങ്കേതിക ശേഷിയാൽ നയിക്കപ്പെടുന്ന സൈന്യമാണ് ലക്ഷ്യമിടുന്നതെന്നും ഇത് ഭാവിയിലെ യുദ്ധങ്ങൾക്ക് സൈന്യത്തെ മുന്നൊരുക്കുമെന്നും പരേഡിനെ അഭിസംബോധന ചെയ്ത കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. കാലപ്പഴക്കം ചെന്ന സംവിധാനങ്ങളെ സൈന്യത്തിൽനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയുടെ വികാസമാണ് അഗ്നിപഥ് സ്കീം ലക്ഷ്യമിടുന്നത്.
ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം തയാറാണ്. അതിർത്തികളിലെ അടിസ്ഥാന സൗകര്യവികസനം വേഗത്തിൽ നടപ്പാക്കും. ഇന്ത്യൻ സൈന്യം വ്യാവസായിക ബന്ധത്തിലൂടെയുള്ള പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കും. കൊടുക്കലും വാങ്ങലും എന്നതിൽനിന്ന് മാറി പങ്കാളിത്ത രീതിയിലേക്ക് മാറുകയാണ്. തദ്ദേശീയമായി നിർമിച്ച ആയുധങ്ങളിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്- കരസേന മേധാവി പറഞ്ഞു.
രാജ്യതലസ്ഥാനത്തിന് പുറത്ത് ആദ്യമായാണ് കരസേന ദിന പരേഡ് നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായ കർണാടക സ്വദേശി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയോടുള്ള ആദര സൂചകമായാണ് ഇത്തവണ പരേഡ് ബംഗളൂരുവിൽ സംഘടിപ്പിച്ചത്. 1949 ജനുവരി 15നായിരുന്നു ജനറൽ സർ ഫ്രാൻസിസ് റോയ് ബുച്ചറിൽനിന്ന് ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്തത്.
മദ്രാസ് എൻജിനീയേഴ്സ് ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സിലെ ഗോവിന്ദ് സ്വാമി പരേഡ് മൈതാനത്ത് നടന്ന ചടങ്ങിൽ വിശിഷ്ട സൈനിക മെഡലുകൾ ജനറൽ മനോജ് പാണ്ഡെ കൈമാറി. 2017 ഫെബ്രുവരി 12ന് കുൽഗാമിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ലാൻസ് നായ്ക് ഗോപാൽ സിങ് ബധോരിയക്ക് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര സമ്മാനിച്ചു.
അദ്ദേഹത്തിന്റെ പിതാവ് അഹ്മദാബാദ് സ്വദേശി മുനിംസിങ് ബധോരിയ കരസേന മേധാവിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. മലയാളിയും രാഷ്ട്രീയ റൈഫിളിലെ സേനാംഗവുമായ ജിനു തങ്കപ്പൻ അടക്കമുള്ള സൈനികർ മെഡലുകൾ ഏറ്റുവാങ്ങി. അശ്വാരൂഢ സേനയുൾപ്പെടെ എട്ട് സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കാളികളായി.
കരസേന ഹെലികോപ്ടറുകളായ ധ്രുവും രുദ്രയും അകമ്പടിയേകി. കരസേനയുടെ ആയുധ പ്രദർശനത്തിൽ പിനാക റോക്കറ്റ്, ടി 90 ടാങ്കുകൾ, ബി.എം.പി 2 ഇൻഫൻട്രി ഫൈറ്റിങ് വെഹിക്കിൾ, 155 എം.എം ബോഫോഴ്സ് തോക്ക്, സ്വാതി റഡാർ തുടങ്ങിയവയും പരേഡിൽ അണിനിരത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.