ആരോഗ്യ കവച; 262 ആംബുലൻസ് കൂടി
text_fieldsബംഗളൂരു: ആരോഗ്യ കവച-108 പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള 262 ആംബുലൻസുകൾ പുറത്തിറക്കി. വ്യാഴാഴ്ച ബംഗളൂരു വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് നിർവഹിച്ചു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് ആംബുലൻസുകൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് അടിയന്തര മെഡിക്കൽ സേവനത്തിനായി ഈ ആംബുലൻസുകൾ സൗജന്യമായി ബുക്ക് ചെയ്യാനാവും.
സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട ആരോഗ്യ പരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്നത് സർക്കാറിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഷിഞ്ഞ വസ്ത്രവുമായെത്തുന്ന ദരിദ്രരായ ജനങ്ങളെ ഒരു വിവേചനവും കൂടാതെ ചികിത്സിക്കുന്ന സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ അദ്ദേഹം അഭിനന്ദിച്ചു.
ചികിത്സ ലഭിക്കാത്തതിന്റെ പേരിൽ ആരുടെയും ജീവൻ നഷ്ടപ്പെടരുത് എന്നതുകൊണ്ടാണ് 108 ആംബുലൻസ് സർവിസ് ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് 840ലേറെ ആംബുലൻസുകളാണ് ഈ ഗണത്തിലുള്ളത്. ഓരോ താലൂക്കിലും നാലുവീതം ആംബുലൻസുകൾ സർവിസ് നടത്തുന്നുണ്ടെന്നും ദിവസവും നൂറുകണക്കിനു പേർക്ക് അടിയന്തര സേവനങ്ങൾ എത്തിച്ചുനൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും എം.ആർ.ഐ സ്കാനിങ് സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്. സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററുകളിലെ ഉയർന്ന നിരക്ക് കാരണം പാവപ്പെട്ടവർക്ക് പരിശോധന അപ്രാപ്യമാകുന്നു. എം.ആർ.ഐ സ്കാനിങ്ങിനുവേണ്ടി മാത്രം സഹായം തേടി ആയിരക്കണക്കിന് അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2008-09ൽ 150 ആംബുലൻസുകളുമായാണ് ‘ആരോഗ്യ കവച-108’ അടിയന്തര സേവനം തുടങ്ങിയത്. 2014-15 കാലത്ത് ഇവയുടെ എണ്ണം 710 ആക്കി. 555 എണ്ണം ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) ഗണത്തിലും 155 എണ്ണം അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (എ.എൽ.എസ്) ഗണത്തിലും ഉൾപ്പെടുന്നവയാണ്.
ഇതിൽ 484 ബി.എൽ.എസ് ആംബുലൻസുകളും 231 എ.എൽ.എസ് ആംബുലൻസുകളുമാണ് നിലവിലുള്ളത്. പുതുതായി പുറത്തിറക്കിയ 262 എണ്ണത്തിൽ 105 എ.എൽ.എസ് ആംബുലൻസുകളും 157 ബി.എൽ.എസ് ആംബുലൻസുകളും പഴയ വാഹനങ്ങൾക്ക് പകരമായാണ് ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.