കബാബുകളിൽ കൃത്രിമ നിറം; ആരോഗ്യ വകുപ്പ് നടപടിക്ക്
text_fieldsബംഗളൂരു: നഗരത്തിൽ വിൽക്കുന്ന കബാബുകളിൽ 30 ശതമാനത്തോളം ഗുണമേന്മയുള്ളവയല്ലെന്ന ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് കർശന നടപടിയിലേക്ക് നീങ്ങുകയാണെന്ന് വകുപ്പുമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ബംഗളൂരു നഗരത്തിലുടനീളം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ജൂലൈയിൽ നടത്തിയ പ്രത്യേക പരിശോധന ഡ്രൈവിൽ 275 കബാബ് സാമ്പിളുകൾ പരിശോധിച്ചതിൽ 78 എണ്ണവും ഭക്ഷ്യയോഗ്യമല്ലാത്തതോ ആരോഗ്യത്തിന് ഹാനികരമായതോ ആണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സൺസെറ്റ് യെല്ലോ, ടാർട്രസിൻ തുടങ്ങിയ രാസവസ്തുക്കൾ കബാബിന് കൃത്രിമ നിറം നൽകാനായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഗോബി ബഞ്ചൂരിയനിലും കൃത്രിമ നിറം ചേർക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. അതേസമയം, പൊതുവെ സുരക്ഷിതമെന്ന് കരുതുന്ന പച്ചക്കറികളും പഴങ്ങളും പൂർണമായും കൃത്രിമത്വത്തിൽനിന്ന് മുക്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പച്ചക്കറികളിൽ 266 സാമ്പിളുകൾ പരിശോധിച്ചതിൽ 10 ശതമാനവും വിഷാംശം അടങ്ങിയതോ ഫംഗസ് ബാധിച്ചവയോ ആയിരുന്നു. പനീർ, കേക്ക് മുതലായവയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പ്ൾ പരിശോധന ഫലം ലഭിക്കാനുണ്ട്. പരാതികളെ തുടർന്ന് പി.ജികളിലെ ഭക്ഷണങ്ങളും പരിശോധിച്ചുവരുകയാണ്. പച്ചക്കറികളും പഴങ്ങളും മാംസവും വിൽക്കുന്നവർ വൃത്തി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ ജൂലൈയിൽ ബംഗളൂരു നഗരത്തിൽ 3467 ഭക്ഷണ വിൽപനക്കാരെ പരിശോധനക്ക് വിധേയമാക്കിയതിൽ മതിയായ ശുചിത്വമില്ലാത്തതിന്റെ പേരിൽ 986 പേർക്ക് നോട്ടീസ് നൽകി. 132 കച്ചവടക്കാരിൽ നിന്ന് 4.9 ലക്ഷം രൂപ പിഴയീടാക്കി. 96 കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.