സംഭാവന ആവശ്യപ്പെട്ട് ടാങ്കർ ലോറി ഡ്രൈവർക്ക് മർദനം
text_fieldsബംഗളൂരു: ഗണേശ ചതുർഥി ആഘോഷത്തിന് സംഭാവന നൽകിയില്ലെന്നാരോപിച്ച് ടാങ്കർ ലോറി ഡ്രൈവർക്ക് മർദനം. ബോഗനഹള്ളി സ്വദേശി മെഹബൂബ് സുൻഹാനി എന്ന യുവാവിന്റെ പരാതിയിൽ ബെലന്ദൂർ പൊലീസാണ് യശ്വന്ത്, മഞ്ജു എന്നിവർക്കെതിരെ വ്യക്തിയെ ആക്രമിച്ചതിനും നിയമവിരുദ്ധമായി തടഞ്ഞതിനും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമെതിരെ കേസെടുത്തത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെഹബൂബിനെ സംഘം തടയുകയും 500 രൂപ ആവശ്യപ്പെടുകയുമായിരുന്നു. കൈയിൽ 10 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന മെഹബൂബ് അത് നൽകിയതോടെ യുവാക്കൾ മെഹബൂബിനെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തലക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ യുവാവിനെ കണ്ട അതുവഴി വന്ന യാത്രക്കാരാണ് കുടുംബത്തിനെ വിവരമറിയിച്ചത്. മുഖത്തെ നീർക്കെട്ടിനെയും ആന്തരിക രക്തസ്രാവത്തെയും തുടർന്ന് യുവാവിനെ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.