പൊതുയിടത്ത് യുവതിയെ യുവാക്കൾ ആക്രമിച്ചു; അവഗണിച്ച് പൊലീസ്
text_fieldsമംഗളൂരു: വീട്ടുകാർക്കൊപ്പം ഹോട്ടലിൽ ആഹാരം കഴിച്ചിറങ്ങിയ യുവതിക്കുനേരെ യുവാക്കൾ പൊതുസ്ഥലത്ത് നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടപടി ഉറപ്പുമായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ. കഴിഞ്ഞ ഞായറാഴ്ച രാത്രി 11നുണ്ടായ സംഭവത്തിൽ ശനിയാഴ്ചയാണ് കമീഷണറുടെ ഇടപെടൽ. പാണ്ഡേശ്വരം വനിത പൊലീസും ബാർകെ പൊലീസും തന്റെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് യുവതി ആക്രമണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിടുകയായിരുന്നു. യുവതി പറയുന്നത്: ‘കഴിഞ്ഞ മാസം 25ന് രാത്രി ഒമ്പതരയോടെ മംഗളൂരു ലാൽബാഗിലെ ഹോട്ടലിൽ വീട്ടുകാർക്കൊപ്പം കയറി. 11നാണ് ആഹാരം കഴിച്ചത്. വാഷ്റൂമിൽ ചെന്നപ്പോൾ സ്ത്രീകളുടെ ശുചിമുറിയിൽ യുവാവ്. നടുങ്ങിപ്പോയി. തിരിച്ചുവരുമ്പോൾ അയാൾക്കൊപ്പം മറ്റു രണ്ട് യുവാക്കൾ കൂടി ചേർന്ന് മോശമായി പെരുമാറി. ഹോട്ടൽ കൗണ്ടറിൽ പരാതി പറഞ്ഞതിനെത്തുടർന്ന് മൂന്നുപേരും ക്ഷമാപണം നടത്തി.
ഹോട്ടലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ തന്റെ കാർ മുന്നോട്ടെടുക്കാൻ കഴിയാത്ത വിധം, നേരത്തെ ശുചിമുറിയിൽ കണ്ട യുവാവ് ബൈക്ക് കുറുകെ നിർത്തിയിട്ടു. കാർ പിറകോട്ടെടുത്തപ്പോൾ അയാൾ തെറി വിളിച്ചു. അടിക്കാൻ ആഞ്ഞത് തടുത്ത തന്നെ യുവാവിന്റെ ഒപ്പമുള്ളയാൾ ആക്രമിച്ചു. പാണ്ഡേശ്വരം വനിത പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടപ്പോൾ സംഭവം ബാർകെ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി നൽകാനാണ് നിർദേശം കിട്ടിയത്. തുടർന്ന് അങ്ങനെ ചെയ്തു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു.
വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്നും ബാർകെ പൊലീസ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നതായും അക്രമികളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കമീഷണർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.