നിർബന്ധിത മതപരിവർത്തന ശ്രമമെന്ന്; മൂന്നുപേർക്കെതിരെ കേസ്
text_fieldsബംഗളൂരു: നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്നാരോപിച്ച് മൂന്ന് ക്രിസ്തുമത വിശ്വാസികൾക്കെതിരെ പൊലീസ് കേസെടുത്തു. ക്രിസ്ത്യാനികളായാൽ സാമ്പത്തിക സഹായം നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
ബംഗളൂരു സ്വദേശിയായ നെൽസൺ, ആന്ധ്രപ്രദേശുകാരായ യാനപ്പ വിജയ്, ശ്രുതി എന്നിവർക്കെതിരെയാണ് നിർബന്ധിത മതംമാറ്റൽ നിരോധന നിയമപ്രകാരം ജെ.ജെ നഗർ പൊലീസ് കേസെടുത്തത്. പടിഞ്ഞാറൻ ബംഗളൂരുവിലെ ജെ.ജെ നഗറിലെ ദെഡ്ഡമ്മ ക്ഷേത്രത്തിനടുത്താണ് സംഭവം.
ഇവർ ലഘുലേഖകൾ വിതരണം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങളുടെ ദൈവത്തെ ആരാധിക്കണമെന്നും എങ്കിൽ നിങ്ങളുടെ ദുരിതം മാറുമെന്നും മൂവരും പറഞ്ഞതായി പ്രദേശവാസികൾ ആരോപിക്കുന്നു.ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടെ നിർബന്ധിത മതപരിവർത്തനത്തിന് ഇവർ ശ്രമിച്ചുവെന്നാണ് ആരോപണം. പ്രദേശവാസിയായ കൃഷ്ണമൂർത്തിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പൊലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തങ്ങൾ മതംമാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും യേശുക്രിസ്തുവിനെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ഇവർ പറഞ്ഞു. മതപരിവർത്തനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രതികൾ വാദിച്ചു. എന്നാൽ, ഇവർ വ്യവസ്ഥാപിതമായ മതപരിവർത്തന സംഘമാണെന്നും പ്രസംഗങ്ങൾ നടത്താനും ആളുകളെ മതപരിവർത്തനം ചെയ്യാനും മൈക്രോഫോൺ ഉപയോഗിച്ചുവെന്നും പരാതിക്കാരൻ ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയിന്മേൽ ഇവരെ പൊലീസ് വിട്ടയച്ചു.
കർണാടകയിൽ സെപ്റ്റംബർ 30നാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. നിയമം ക്രിസ്തുമത വിശ്വാസികൾക്ക് നേരെ പൊലീസ് പ്രയോഗിക്കുകയാണെന്ന് ആരോപണമുണ്ട്. അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളിൽപോലും നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തുകയാണ്.
നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴിലാകുന്ന തരത്തിലാണ് ഇതിലെ വ്യവസ്ഥകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.