ആറ്റുകാൽ പൊങ്കാല ഇന്ന്; ബംഗളൂരു നഗരത്തിലെ ക്ഷേത്രമുറ്റങ്ങളൊരുങ്ങി
text_fieldsബംഗളൂരു: ആറ്റുകാൽ പൊങ്കാല ഉത്സവത്തെ വരവേൽക്കാൻ കർണാടകയിലെ മലയാളി ഭക്തരും ഒരുങ്ങി. ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ ഏഴിന് ഭണ്ഡാര അടുപ്പിൽ തീ പുകയും. ഇതേ സമയം നഗരത്തിലെ വിവിധ ക്ഷേത്രമുറ്റങ്ങളിൽ ഒരുക്കിയ അടുപ്പുകളിലും ഭക്തർ തീപടർത്തും. പൊങ്കാല സമർപ്പണത്തിനുശേഷം അന്നദാനവും നടക്കും.
സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ രാവിലെ 10.30ന് പൊങ്കാല അടുപ്പുകളിൽ അഗ്നി പകരും. കുങ്കുമപറ, നെൽപറ സമർപ്പണം, ഭജനാമൃതം, മഹാ അന്നദാനം തുടങ്ങിയവയുണ്ടാകും. ക്ഷേത്ര മേൽശാന്തി ശിവരാമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
കഗ്ഗദാസ പുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കും. ഭണ്ഡാര അടുപ്പിൽ ഭക്തർക്ക് പൊങ്കാല സമർപ്പിക്കാം.
ജാലഹള്ളി എം.ഇ.എസ് റോഡിലെ മുത്യാലമ്മ ക്ഷേത്രാങ്കണത്തിൽ എൻ.എസ്. കർണാടക യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല നടക്കും. പുലർച്ച നാലു മുതൽ മഹാഗണപതി ഹോമത്തോടെ വിശേഷാൽപൂജകൾ ആരംഭിക്കും. ദേവീ പൂജ, സഹസ്രനാമ അർച്ചന എന്നിവ ഉണ്ടായിരിക്കും. രാവിലെ 10 മുതൽ പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു പൊങ്കാല അടുപ്പുകളിലേക്ക് പകരും. സ്ത്രീശക്തിയുടെ നേതൃത്വത്തിൽ ഭക്തിഗാനാലാപനം, അന്നദാനം എന്നിവ നടക്കുമെന്ന് സെക്രട്ടറി സുരേഷ് ജി. നായർ അറിയിച്ചു.
ബാംഗ്ലൂർ എസ്.എൻ.ഡി.പി യൂനിയന്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം തമ്മനഹള്ളി ഗുരുമന്ദിരത്തിൽ വെച്ച് മാർച്ച് ഏഴിന് രാവിലെ നടക്കുമെന്ന് യൂനിയൻ സെക്രട്ടറി സത്യൻ പുത്തൂർ അറിയിച്ചു. വിഭൂതിപുര രേണുക യെല്ലമ്മ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കും. രാവിലെ 10.30 മുതൽ ചടങ്ങുകൾ ആരംഭിക്കും.
കർണാടക നായർ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല സമർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങുകളിൽ പൊങ്കാല സമർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തി.
കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗത്തിന് കീഴിലെ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. വിശേഷാൽ അർച്ചനകൾ, നിറപറ സമർപ്പണം എന്നിവക്കുശേഷം 10.22ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ശിവരാമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. സമന്വയ ദാസറഹള്ളി ഭാഗിന്റെ ഭജന, മഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കും.
കെ.എൻ.എസ്.എസ് ബനശങ്കരി കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാപീഠം റോഡിൽ ഓം ശക്തി ക്ഷേത്രത്തിനു സമീപമുള്ള ശ്രീ രാമ സേവാ മണ്ഡലി ട്രസ്റ്റിൽ പൊങ്കാല രാവിലെ 10.22ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്ന ചടങ്ങുകളോടെ ആരംഭിക്കും. ചടങ്ങുകൾക്ക് രാജശേഖരൻ പിള്ള മുഖ്യകാർമികത്വം വഹിക്കും.
കെ.എൻ.എസ്.എസ് ദൂരവാണി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.സി പാളയ സ്വാമി വിവേകാനന്ദ മന്ദിരത്തിൽ സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവം രാവിലെ 9.30ന് ഗണപതിഹോമത്തോടെ ആരംഭിക്കും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ശംഭു തിരുമേനി മുഖ്യകാർമികത്വം വഹിക്കും. ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. പൊങ്കാല ശേഷം അന്നദാനം ഉണ്ടായിരിക്കും.
കെ.എൻ.എസ്.എസ് ഹൊരമാവ് കരയോഗത്തിന്റെ നേതൃത്വത്തിൽ ബഞ്ചാര ലേഔട്ടിലുള്ള ഓം ശക്തി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം സംഘടിപ്പിക്കുന്നു. രാവിലെ 8.30ന് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്ന പൂജകൾക്കുശേഷം 10.22ന് പൊങ്കാല അടുപ്പിൽ അഗ്നി പകരും.
തുടർന്ന് അന്നദാനം ഉണ്ടായിരിക്കും.കെ.എൻ.എസ്.എസ് ജാലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ ഗംഗമ്മ ദേവീ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. പൂജകൾക്ക് ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. അന്നദാനം ഉണ്ടായിരിക്കും.
കെ.എൻ.എസ്.എസ് കൊത്തനൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ ബൈരതി അയ്യപ്പൻ ക്ഷേത്രത്തിന് സമീപത്തെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ രാവിലെ 10.22ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. പൂജകൾക്ക് മാങ്കുന്നം ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. മഹിള വിഭാഗം സഖിയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമവും സമർപ്പണത്തിനുശേഷം അന്നദാനവും ഉണ്ടായിരിക്കും. കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തിൽ ഗോശാല റോഡ് കരുമാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ 9.30ന് പൂജകൾ ആരംഭിക്കും. തിരുവനന്തപുരം തേവർമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. പൊങ്കാല സമർപ്പണശേഷം അന്നദാനം ഉണ്ടായിരിക്കും.
കെ.എൻ.എസ്.എസ് തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ മല്ലേശ്പാളയ ജലകണ്ഠേശ്വര ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം സംഘടിപ്പിക്കും. മണിയറ പെരിങ്ങോട്ട് ഇല്ലം പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അന്നദാനം ഉണ്ടായിരിക്കും. കെ.എൻ.എസ്.എസ് കെ.ജി.എഫ് കരയോഗത്തിന്റെ നേതൃത്വത്തിൽ കോലാർ ബാലനഗർ അയ്യപ്പൻ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കും. രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. പൊങ്കാല സമർപ്പണശേഷം അന്നദാനം ഉണ്ടായിരിക്കും.
കെ.എൻ.എസ്.എസ് മൈസൂരു കരയോഗം മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്റ്റെർലിങ് തിയറ്ററിനു സമീപമുള്ള ചാമുണ്ഡിവനം ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല സമർപ്പിക്കും. രാവിലെ 10ന് ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ പൂജകൾ ആരംഭിക്കും. പൊങ്കാല സമർപ്പണശേഷം പ്രസാദ വിതരണം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.