അഭിമാനമായി ഓസ്റ്റിൻ; 'ഡൈനൊ വേൾഡ് ' പ്രകാശനം ചെയ്തു
text_fieldsബംഗളൂരു: ബംഗളൂരു മലയാളികൾക്ക് അഭിമാനമായി ബാല രചയിതാവ് ഓസ്റ്റിൻ അജിത്. എഴുത്തിന്റെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഈ കൊച്ചുമിടുക്കന്റെ രണ്ടാമത്തെ പുസ്തകം 'ഓസ്റ്റിൻസ് ഡൈനൊ വേൾഡ്' ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കേരള പിറവി- കന്നഡ രാജ്യോത്സവ ദിനത്തിൽ സർഗധാര കലാസാഹിത്യ വേദി സംഘടിപ്പിച്ച 'നിറച്ചാർത്ത്' പരിപാടിയിലായിരുന്നു പ്രകാശനം. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിഷ്ണു മംഗലം കുമാർ എഴുത്തുകാരിയും ചിത്രകാരിയുമായ ബ്രിജിക്ക് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. പ്രസിദ്ധ ചിത്രകാരനായ ഭാസ്കരൻ ആചാരി ചടങ്ങിൽ പങ്കെടുത്തു.
ദിനോസറുകളെ ലോകത്തെ പ്രതിപാദിക്കുന്നതാണ് 'ഓസ്റ്റിൻസ് ഡൈനൊ വേൾഡ്' എന്ന കൃതി. ഒമ്പതു വയസ്സുകാരനായ ഓസ്റ്റിന്റെ രണ്ടാമത്തെ പുസ്തകമാണിത്. 'ഗ്രാന്റ്മാ ആൻറ് ഓസ്റ്റിൻ പ്ലാന്റ് കിങ്ഡം' എന്ന ആദ്യ പുസ്തകം, ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിൽ ഏറ്റവും പ്രായം കുറഞ്ഞ രചയിതാവ് എന്ന ബഹുമതി നേടിക്കൊടുത്തിരുന്നു. ഇതിനകം നിരവധി പുരസ്കാരങ്ങളും ആദരങ്ങളും ഏറ്റു വാങ്ങിയ ഓസ്റ്റിൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഹൊരമാവിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയും ഐ.ബി.എമ്മിൽ ജീവനക്കാരനുമായ അജിതിന്റെയും പുനലൂർ സ്വദേശിനി ഷൈനിയുടെയും മകനായ ഓസ്റ്റിൻ, ഓപൺ വിദ്യാഭ്യാസത്തിലൂടെ യു.കെയിലെ വോൾ സേ ഹാൾ ഓക്സ്ഫഡ് സ്കൂളിന് കീഴിൽ ഫിഫ്ത് ഗ്രേഡിലാണ് പഠനം. കൂടുതൽ സമയം വായനയിലും അതിന്റെ അന്വേഷണങ്ങളിലും സമയം ചെലവഴിക്കുന്ന ഈ ബാലപ്രതിഭ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.