പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി നാളെ വാദം കേൾക്കും
text_fieldsബംഗളൂരു: ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ജെ.ഡി.എസ്. എം.പി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും.
കഴിഞ്ഞ മാസം 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വൽ സുപ്രീംകോടതിയെ സമീപിച്ചത്.
ഹാസനിലെ എം.പിയായിരുന്ന പ്രജ്വൽ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകൾ രംഗത്തുവന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ, പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചതിനു പിന്നാലെയാണ് വനിത കമീഷനും പൊലീസിനും പരാതി ലഭിച്ചത്. മൂവായിരത്തോളം വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവുകൾ പാർക്കുകളിലും സ്റ്റേഡിയത്തിലുമുൾപ്പെടെ വിതറിയ നിലയിൽ പലർക്കായി കിട്ടുകയായിരുന്നു. ആരോപണമുയർന്നതിനു പിന്നാലെ, പ്രജ്വൽ രാജ്യം വിട്ടിരുന്നു. കേസന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരുന്നു.
പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ എം.എൽ.എ ബലാത്സംഗക്കേസിലും മാതാവ് ഭവാനി രേവണ്ണ അതിജീവതയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസിലും പ്രതികളാണ്. ഇരുവരും സോപാധിക ജാമ്യത്തിൽ ഇറങ്ങിക്കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.