ജനാധിപത്യത്തെ മുറുകെ പിടിക്കാൻ പേപ്പർ ബാലറ്റിലേക്കു മടങ്ങണം -എം.ജി. ദേവസഹായം
text_fieldsബംഗളൂരു: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ജനാധിപത്യത്തിനു ഭീഷണിയാണെന്നും പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് റിട്ട. ഐ.എ.എസ് ഓഫിസറും ഫോറം ഫോർ ഇലക്ടറൽ ഇന്റഗ്രിറ്റി കൺവീനറുമായ എം.ജി. ദേവസഹായം. സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ പേപ്പർ ബാലറ്റുകളാണ് വേണ്ടത്.
ഇ.വി.എമ്മുകളിലും വി.വി.പാറ്റുകളിലും (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) തങ്ങൾ ചെയ്ത വോട്ട് അതേ സ്ഥാനാർഥിക്കു തന്നെയാണ് ലഭിക്കുന്നത് എന്നുറപ്പിക്കാനുള്ള മാർഗമില്ലാത്തതുകൊണ്ട് ഇവ ജനാധിപത്യ തത്ത്വങ്ങൾക്കെതിരാണ്. ഇ.വി.എമ്മുകളുടെ നിർമാണത്തിലെ സുതാര്യതയില്ലായ്മയും അവ തെരഞ്ഞെടുപ്പിന്റെ അഖണ്ഡതയെ ബാധിക്കുന്നതിലെ ആശങ്കയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആധാർ-വോട്ടർ ഐ.ഡി ബന്ധിപ്പിക്കൽ, ഇ.വി.എമ്മുകളുടെ നിർമാണം തുടങ്ങിയ കാര്യങ്ങളിൽ ഇടപെടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന നിസ്സംഗതയെയും അദ്ദേഹം ചോദ്യം ചെയ്തു. ഇ.വി.എമ്മുമായി ബന്ധപ്പെട്ട വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യമായ മറുപടികൾ തരുന്നില്ല. വ്യാജ വോട്ടുകൾ തടയാനോ വോട്ടിങ്ങിൽ കൃത്രിമത്വം കാണിക്കുന്നത് ഇല്ലാതാക്കാനോ ഇലക്ട്രോണിക് വോട്ടുയന്ത്രം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകൻ മുഹമ്മദ് പ്രാച, എഴുത്തുകാരൻ അഗ്രഹാര കൃഷ്ണമൂർത്തി, മാധ്യമപ്രവർത്തകൻ എസ്.ആർ ആരാധ്യ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.