കബാബിലും മീൻവിഭവങ്ങളിലും കൃത്രിമ നിറം ചേർക്കുന്നതിന് നിരോധനം
text_fieldsബംഗളൂരു: കൃത്രിമ നിറം ചേർത്ത കബാബ്, മീൻ വിഭവങ്ങൾ നിരോധിച്ച് കർണാടക. നേരത്തേ ഗോപി മഞ്ചൂരിയനിലും പഞ്ഞി മിഠായികളിലും കൃത്രിമ നിറങ്ങൾ ചേർക്കുന്നത് സർക്കാർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ വിഭവങ്ങളിലെ കൃത്രിമ നിറങ്ങളുടെ ഉപയോഗം ആരോഗ്യവകുപ്പ് തടയുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വെജിറ്റേറിയൻ കബാബുകൾ, ചിക്കൻ കബാബുകൾ, പൊരിച്ച മീൻ വിഭവങ്ങൾ തുടങ്ങി ഏതുതരം കബാബുകളിലും കൃത്രിമ നിറം ചേർക്കുന്നത് നിരോധിച്ചാണ് ഉത്തരവ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 39 ചിക്കൻ കബാബ് സാമ്പിളുകൾ ശേഖരിച്ചശേഷം സംസ്ഥാനത്തെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമ നിറങ്ങളുടെ ഉപയോഗം കണ്ടെത്തിയത്. എട്ട് സാമ്പിളുകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സൺസെറ്റ് യെല്ലോ, കാരമസിൻ തുടങ്ങിയ കൃത്രിമ നിറങ്ങൾ കണ്ടെത്തി. 2006ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ 59ാം റൂൾ പ്രകാരമാണ് പുതിയ ഉത്തരവ്. നിർദേശം ലംഘിക്കുന്നവർക്ക് ഏഴു വർഷം മുതൽ ജീവപര്യന്തം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കുമെന്ന് ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.