സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനൊപ്പം പഴമോ മുട്ടയോ നൽകും- മന്ത്രി
text_fieldsബംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ ആഴ്ചയിൽ രണ്ടുതവണ വിദ്യാർഥികൾക്ക് മുട്ടയോ വാഴപ്പഴമോ നൽകുമെന്ന് പ്രൈമറി-സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് മുട്ട നൽകുന്ന പരിപാടി വെള്ളിയാഴ്ച മാണ്ഡ്യയിൽ ഉദ്ഘാടനം ചെയ്യും. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മുട്ട നൽകാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, പത്താം ക്ലാസ് വരെ പദ്ധതി നീട്ടുകയാണെന്ന് മന്ത്രി പറഞ്ഞു.
പോഷകാഹാര സപ്ലിമെന്റിന്റെ ഭാഗമായി ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുതവണ മുട്ടയോ വാഴപ്പഴമോ നൽകാൻ കർണാടക സർക്കാർ ജൂണിൽ ഉത്തരവിറക്കിയിരുന്നു. സ്കൂൾ കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ ഉച്ചഭക്ഷണത്തോടൊപ്പം മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് വാഴപ്പഴവും നൽകും. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വിദ്യാഭ്യാസ മേഖലക്ക് നൽകിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മധു ബംഗാരപ്പ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം സർക്കാർ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.