വിദ്യാർഥിയുടെ തിരോധാനം; ബി.ജെ.പി ബന്ദാചരിച്ചു
text_fieldsമംഗളൂരു: ബണ്ട്വാളിനടുത്ത ഫരംഗിപേട്ടിൽ പി.യു.സി രണ്ടാം വർഷ വിദ്യാർഥിയെ കാണാതായ കേസിൽ പൊലീസ് അനാസ്ഥ ആരോപിച്ച് ഹിന്ദു സംഘടനകളും ബി.ജെ.പിയും ശനിയാഴ്ച ബന്ദ് ആചരിച്ചു.
ബന്ദ് ജനജീവിതത്തെ ബാധിച്ചു. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസിന്റെ രണ്ട് പ്ലാറ്റൂണുകളും 500ലധികം പൊലീസ് സേനയെയും ക്രമസമാധാന പാലനത്തിനായി വിന്യസിച്ചു. വിശ്വഹിന്ദു പരിഷത്ത്, ബജ്റങ്ദൾ, ബി.ജെ.പി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
കഴിഞ്ഞ മാസം 25ന് വൈകീട്ട് ഏഴ് മണിയോടെയാണ് ദിഗന്ത് എന്ന വിദ്യാർഥിയെ കാണാതായത്. അന്ന് രാവിലെ പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് വാങ്ങി വൈകീട്ട് ആഞ്ജനേയ വ്യായാമ ശാലയിൽ പോയിരുന്നെങ്കിലും തിരിച്ചെത്തിയില്ല. മംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ പി.യു.സി കോളജ് വിദ്യാർഥിയാണ്. ദിഗന്തിന്റെ ചെരിപ്പുകളിലൊന്ന് രക്തക്കറയോടെ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയിരുന്നു.
മൊബൈൽ ഫോണും അതേ സ്ഥലത്ത് കിടന്നു. ആഞ്ജനേയ ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു കറുത്ത കാറിന്റെ സംശയാസ്പദമായ നീക്കം പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് ബണ്ട്വാൾ റൂറൽ പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ചു.
പരീക്ഷാ പേടി മൂലമാണ് ദിഗന്തിനെ കാണാതായതെന്ന പൊലീസ് നിഗമനത്തിൽ പ്രതിഷേധക്കാർ രോഷം പ്രകടിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പൊലീസിന് വഴിത്തിരിവ് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ പ്രതിഷേധം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
മാതാപിതാക്കളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് വിദ്യാർഥിക്ക് പരീക്ഷയെ ഭയമില്ലെന്ന് സ്ഥിരീകരിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു. കറുത്ത കാറിന്റെ നീക്കത്തെക്കുറിച്ചുള്ള സംശയങ്ങൾ പൊലീസ് അവഗണിക്കുകയാണെന്ന് അവർ ആരോപിച്ചു. ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് എൻ. ഋതീഷ് നേരിട്ട് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.