കാൽ നൂറ്റാണ്ട് മുമ്പ് അറ്റ കുടുംബകണ്ണി കൂട്ടിച്ചേർത്ത് എ.ഐ.കെ.എം.സി.സി
text_fieldsബംഗളൂരു: അറ്റുപോയ കുടുംബകണ്ണി ചേർത്തിണക്കാൻ ബംഗളൂരു എ.ഐ. കെ.എം.സി.സിയുടെ ഇടപെടൽ സഹായകമായി. 25 വർഷം മുമ്പ് നാടും വീടും ഉപേക്ഷിച്ച് ബംഗളൂരുവിലേക്ക് വന്ന മലപ്പുറം തിരൂർ സ്വദേശി ബഷീറാണ് കുടുംബത്തോട് ചേർന്നത്.
ഉറ്റവരെയും ഉടയവരെയും തിരികെ ലഭിക്കാനുള്ള ആഗ്രഹം കെ.എം.സി.സി കലാശിപ്പാളയം പ്രവർത്തകരോട് ബഷീർ പങ്കുവെക്കുകയായിരുന്നു. ഉടനെ ഓൾ ഇന്ത്യ കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ജന്മസ്ഥലവും കുടുംബക്കാരെയും കണ്ടെത്തി.
പതിനെട്ടാം വയസ്സിൽ വീട് വിട്ടിറങ്ങിയതാണ്. ചുമടേറ്റിയും കൂലിപ്പണി ചെയ്തും ബംഗളൂരുവിന്റെ പല ഭാഗങ്ങളിലൂടെ ജീവിച്ചു. ഞായറാഴ്ച രാവിലെ തിരൂർ സി.എച്ച് സെന്ററിന്റെ ഭാരവാഹികൾക്ക് ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ വെച്ച് കെ.എം.സി.സി പ്രവർത്തകർ ബഷീറിനെ ഏൽപിച്ചു. ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് ഇനി കുടുംബത്തോടൊപ്പം ജീവിക്കാൻ നാട്ടിലേക്ക് പോവുകയാണ് ബഷീർ. വീട്ടുകാരെ തിരികെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് അദ്ദേഹം.
തിരികെ വരില്ലെന്ന് ഉറപ്പിച്ചിരുന്ന സഹോദരന്റെ തിരിച്ചുവരവിന് വൻ സ്വീകരണമാണ് കുടുംബാംഗങ്ങൾ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.