ബംഗളൂരു വിമാനത്താവളം; രണ്ടാം ടെർമിനലിൽനിന്ന് രാജ്യാന്തര സർവിസ് തുടങ്ങി
text_fieldsബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ ആരംഭിച്ചു. കഴിഞ്ഞവർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ടെർമിനലിൽനിന്ന് കഴിഞ്ഞ ജനുവരി 15 മുതൽ ആഭ്യന്തര സർവിസുകൾ ആരംഭിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര സർവിസുകൾ പറന്നിരുന്നില്ല. രണ്ടാം ടെർമിനലിലെ റൺവേയിലേക്ക് ചൊവ്വാഴ്ച രാവിലെ 10. 15ന് ആദ്യ സർവിസായി ജിദ്ദയിൽ നിന്നെത്തിയ സൗദി എയർലൈൻസിന്റെ എസ്.വി 866 വിമാനം 212 യാത്രക്കാരുമായി പറന്നിറങ്ങി.
ഈ റൺവേയിൽനിന്ന് പറന്നുയർന്ന ആദ്യ വിമാനവും ഇതുതന്നെയാണ്. 11.50 നായിരുന്നു ടേക്ക് ഓഫ്. രണ്ടാം ടെർമിനൽ പൂക്കൾ കൊണ്ട് അലങ്കരിച്ചും യാത്രക്കാർക്ക് മധുരം വിതരണം ചെയ്തും വിമാനത്താവള അധികൃതർ ആഘോഷമാക്കി. പുതിയ ടെർമിനൽ പ്രവർത്തനമാരംഭിച്ചതോടെ മുഴുവൻ അന്താരാഷ്ട്ര സർവിസുകളും ഒന്നാം ടെർമിനലിൽനിന്ന് രണ്ടിലേക്ക് മാറ്റി.
ചില ആഭ്യന്തര സർവിസുകളും രണ്ടാം ടെർമിനലിൽനിന്ന് ആരംഭിക്കും. വിസ്താര, എയർ ഇന്ത്യ, എയർ ഏഷ്യ, സ്റ്റാർ എയർ എന്നിവയുടെ ആഭ്യന്തര സർവിസുകൾ രണ്ടാം ടെർമിനലിലേക്ക് മാറ്റിയിരുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, അലയൻസ് എയർ, ആകാശ എയർ എന്നിവയുടെ ആഭ്യന്തര റൂട്ടുകളിലുള്ള വിമാനങ്ങൾ ഒന്നാം ടെർമിനലിൽതന്നെ തുടരും.
ഒന്നാം ടെർമിനലിനെയും രണ്ടാം ടെർമിനലിനെയും ബന്ധിപ്പിച്ച് ബസുകൾ ഷട്ടിൽ സർവിസ് നടത്തും. 30 മുതൽ 35 വരെ അന്താരാഷ്ട്ര വിമാനങ്ങളെ ഒരേ സമയം ഉൾക്കൊള്ളാവുന്നതാണ് രണ്ടാംടെർമിനൽ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിലൊന്നാണിത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളവും ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളമാണ്. 5,000 കോടിയാണ് പുതിയ ടെർമിനലിന്റെ നിർമാണ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.