പുതുവത്സരാഘോഷത്തിലേക്ക് ബംഗളൂരു നഗരം
text_fieldsബംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബംഗളൂരു നഗരത്തിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്. 8000 പൊലീസുകാരെ നഗരത്തിൽ സുരക്ഷക്കായി നിയോഗിച്ചതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു. എം.ജി റോഡ്, ബ്രിഗേഡ് റോഡ്, കബൺ പാർക്ക്, ട്രിനിറ്റി എന്നിവിടങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്താനാണ് പൊലീസ് തീരുമാനം. ഈ മേഖലയിലെ റോഡുകളിൽ അഡീഷനൽ കാമറകൾ സ്ഥാപിച്ച് തുടർച്ചയായ നിരീക്ഷണം നടത്തും. പുതുവത്സരാഘോഷത്തിലെ തിരക്കിനിടയിലുണ്ടാകാവുന്ന അതിക്രമങ്ങൾ കണ്ടെത്താൻ ഡ്രോൺ കാമറകളുടെ സേവനവും ഉപയോഗപ്പെടുത്തും.
ഞായറാഴ്ച നഗരത്തിലെ പ്രധാന പാതകളിലെല്ലാം ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തും. 48 താൽക്കാലിക ചെക്ക്പോസ്റ്റുകളാണ് സ്ഥാപിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും ലഹരിക്കടത്ത് നടത്തുന്നവരെയും തടയാനാണ് റോഡിൽ പരിശോധന ശക്തമാക്കുന്നത്. ലഹരി ഉപയോഗം കണ്ടെത്താൻ കർശന പരിശോധന നടത്താനാണ് ആഭ്യന്തരമന്ത്രി പൊലീസിന് നൽകിയ നിർദേശം. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വനിത പൊലീസുകാരെയും കൂടുതലായി നിയമിക്കും.
പുതുവത്സരത്തലേന്ന് കടകൾ രാത്രി 12ന് അടക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പുലർച്ച ഒന്നു വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
രാത്രി എട്ടു മണിക്കുശേഷം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ച ഒന്നുവരെ എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡിന്റെ ഒരു ഭാഗം, റെസ്റ്റ് ഹൗസ് റോഡ് (മ്യൂസിയം ജങ്ഷനും ബ്രിഗേഡ് ജങ്ഷനും ഇടയിൽ), റെസിഡൻസി റോഡ് (റെസിഡൻസി റോഡ് ജങ്ഷൻ മുതൽ എം.ജി റോഡ് ജങ്ഷൻ വരെ) എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുക. ഞായറാഴ്ച രാത്രി 11 മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെ വിമാനത്താവളം റോഡിലെ മേൽപാലങ്ങൾ ഒഴികെയുള്ള മുഴുവൻ മേൽപാലങ്ങളും അടച്ചിടും. ജെ.എൻ1 കേസുകൾ വർധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളില്ല. പൊലീസിനെ കൂടാതെ ബി.ബി.എം.പി ആരോഗ്യ വകുപ്പ് ജീവനക്കാരും ആഘോഷകേന്ദ്രങ്ങളിൽ പരിശോധന നടത്തും.
മെട്രോ സർവിസ് 1.30 വരെ
ബംഗളൂരു:പുതുവത്സരത്തലേന്ന് തിരക്ക് കണക്കിലെടുത്ത് മെട്രോ ട്രെയിനുകൾ രാത്രി 1.30 വരെ സർവിസ് നടത്തും. രാത്രി 11നുശേഷം 15 മിനിറ്റിന്റെ ഇടവേളയിലാവും സർവിസ്. അതേസമയം, എം.ജി റോഡ് മെട്രോ സ്റ്റേഷൻ പതിവുപോലെ രാത്രി 11നുതന്നെ അടക്കും. എം.ജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷൻ അടച്ചിടുന്നത്. സമീപ സ്റ്റേഷനുകളായ ട്രിനിറ്റി, കബ്ബൺ പാർക്ക് എന്നിവ 1.30 വരെ പ്രവർത്തിക്കും. ചല്ലഘട്ട ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ കബ്ബൺ പാർക്ക് മെട്രോയിൽനിന്നും വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് പോകുന്നവർ ട്രിനിറ്റിയിൽനിന്നുമാണ് കയറേണ്ടത്. രാത്രി 11നുശേഷം മടങ്ങുന്നവർക്ക് ടോക്കൺ ടിക്കറ്റിന് പകരം പേപ്പർ ടിക്കറ്റാണ് നൽകുക. 50 രൂപയാണ് ഈ ടിക്കറ്റിന്റെ നിരക്ക്.
ബി.എം.ടി.സി സർവിസ് രണ്ടുവരെ
ബംഗളൂരു:ബി.എം.ടി.സി ബസുകൾ തിങ്കളാഴ്ച പുലർച്ച രണ്ടു വരെ സർവിസ് നടത്തും. രാത്രി 11 മുതൽ സ്പെഷൽ സർവിസുകൾ എം.ജി റോഡ്, ബ്രിഗേഡ് റോഡ് സർക്കിൾ എന്നിവിടങ്ങളിൽനിന്ന് പുറപ്പെടും.
സർജാപുര, കാഡുഗൊഡി ബസ് സ്റ്റാൻഡ്, ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട, നെലമംഗല, കെങ്കേരി, യെലഹങ്ക, മാഗഡി റോഡ്, ബാഗലൂർ, ഹൊസക്കോട്ടെ എന്നിവിടങ്ങളിലേക്കാണ് രാത്രി രണ്ടു വരെ സ്പെഷൽ സർവിസുകളുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.