ബംഗളൂരു: വരുന്നു, 100 ഗ്രാമ കോടതികൾ
text_fieldsബംഗളൂരു: ഗ്രാമപ്രദേശങ്ങളിലും ഉൾനാടുകളിലും ജനങ്ങൾക്ക് നിയമസഹായം നൽകാൻ 100 ഗ്രാമ ന്യായാലയങ്ങൾ വരുന്നു. ജനങ്ങൾക്ക് വീട്ടുപടിക്കൽ നിയമസഹായം നൽകുന്ന ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഗ്രാമ കോടതികൾ എന്ന ഈ സംവിധാനം 2008ൽ അന്നത്തെ കേന്ദ്രത്തിലെ യുപി.എ സർക്കാർ കൊണ്ടുവന്ന ഗ്രാമ ന്യായാലാസ് ആക്ടിന്റെ കീഴിലാണ് സ്ഥാപിക്കുക.
മന്ത്രിസഭ യോഗത്തിനുശേഷം നിയമ പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. ഒരു കൂട്ടം പഞ്ചായത്തുകൾക്കായി ഒരു ഗ്രാമ കോടതി, അല്ലെങ്കിൽ ഒരു പഞ്ചായത്തിന്റെ പരിധിയിൽ മാത്രം ഒരു കോടതി എന്നിങ്ങനെ രൂപത്തിലായിരിക്കും ഈ കോടതികൾ സ്ഥാപിക്കുക.
വർഷം 25 കോടി രൂപ ഇതിന് വേണ്ടിവരുമെന്നാണ് കണക്ക്. സിവിൽ-ക്രിമിനൽ കേസുകൾ ഈ കോടതികൾ പരിഗണിക്കും. ഓരോ കോടതിക്കും കേന്ദ്രസർക്കാർ 18 ലക്ഷം വീതം ഒറ്റത്തവണ സഹായം നൽകും. ഇതുകൂടാതെയുള്ള ചെലവുകൾക്കായി 3.5 ലക്ഷവും അനുവദിക്കും.
രാജ്യത്ത് കീഴ്കോടതികൾ മുതൽ സുപ്രീംകോടതി വരെ നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനാലാണ് പഞ്ചായത്തുകൾ തോറും ഗ്രാമ കോടതികൾ ആരംഭിക്കാനുള്ള പദ്ധതി രൂപവത്കരിക്കുന്നത്. ഇതിലൂടെ കെട്ടിക്കിടക്കുന്ന േകസുകളുടെ എണ്ണം കുറക്കാനാകും. മറ്റ് കോടതികളുടെ ജോലിഭാരം കുറയുകയും ചെയ്യും. ജനങ്ങൾക്ക് നീതികിട്ടാൻ കാലതാമസമെടുക്കുന്ന സാഹചര്യം ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.