ബംഗളൂരു സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കി -എം.ടി. അബ്ദുല്ല മുസ്ലിയാർ
text_fieldsബംഗളൂരു: ജനുവരി 28ന് ബംഗളൂരുവിൽ നടന്ന സമസ്ത നൂറാം വാർഷികം ഉദ്ഘാടന മഹാസമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ എം.ടി. അബ്ദുല്ല മുസ്ലിയാർ. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപവത്കരിച്ച സ്വാഗതസംഘത്തിന്റെ അവസാന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെപ്പോലെ കർണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു.
നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ജനറൽ കൺവീനർ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വൈസ് ചെയർമാൻ സാബിഖലി ശിഹാബ് തങ്ങൾ, കോഓഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. സമ്മേളനം വൻ വിജയമാക്കിയതിന് സമസ്ത ഏർപ്പെടുത്തിയ ഉപഹാരം എം.ടി. അബ്ദുല്ല മുസ്ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സാബിഖലി ശിഹാബ് തങ്ങൾ എന്നിവരിൽനിന്ന് സ്വാഗതസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി.
ഡോക്യുമെന്ററി പ്രകാശനവും സുപ്രഭാതം ഓൺലൈൻ അവതാരകൻ കെ.വി. റാഷിദിനുള്ള ഉപഹാരവിതരണവും എം.ടി. അബ്ദുല്ല മുസ്ലിയാർ നിർവഹിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ സിദ്ദീഖ് തങ്ങൾ സമ്മേളനം അവലോകനം ചെയ്തു. ഫിനാൻസ് കമ്മിറ്റി കൺവീനർ സി.എച്ച്. അബു ഹാജി വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ഒമാൻ എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് മസ്കത്ത് അൻവർ ഹാജി, എസ്.ഐ.സി ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ഇസ്മായിൽ ഹാജി എടച്ചേരി, കെ. ഹംസക്കോയ ഹാജി, സ്വാഗതസംഘം ഭാരവാഹികളായ എ.കെ. അഷ്റഫ് ഹാജി, കെ.എച്ച്. ഫാറൂഖ്, ശംസുദ്ദീൻ സാറ്റലൈറ്റ്, ഈസ, മുനീർ ഹെബ്ബാൾ, സുബൈർ കായക്കൊടി, സലീം, ഷാജൽ തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് കൺവീനർ പി.എം. അബ്ദുല്ലത്തീഫ് ഹാജി സ്വാഗതവും ജോയന്റ് കൺവീനർ താഹിർ മിസ്ബാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.