ബംഗളൂരു ജ്വല്ലറി വെടിവെപ്പ്; അന്വേഷണം ഇതരസംസ്ഥാന കവർച്ച സംഘത്തിലേക്ക്
text_fieldsബംഗളൂരു: നഗരത്തിൽ ലൊട്ടെഗൊല്ലഹള്ളി ദേവിനഗറിലെ ജ്വല്ലറിയിൽ വെടിവെപ്പും കവർച്ചശ്രമവും നടന്ന സംഭവത്തിൽ അന്വേഷണം ഇതരസംസ്ഥാന സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതരസംസ്ഥാന കവർച്ചസംഘങ്ങളുടെ രീതിയാണ് ഇവർ പിന്തുടർന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വ്യാഴാഴ്ച രാവിലെ 11.15നാണ് ലക്ഷ്മി ബാങ്കേഴ്സ് ആൻഡ് ജ്വല്ലേഴ്സിൽ വെടിവെപ്പ് നടന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ബൈദരഹള്ളിയിലെ ജ്വല്ലറിയിൽ ഉടമയെ വെടിവെച്ചുവീഴ്ത്തി സ്വർണാഭരണങ്ങൾ കവർന്നിരുന്നു. ഈ കേസിൽ രാജസ്ഥാൻ സ്വദേശികളായ സംഘമാണ് പിടിയിലായത്.
ദേവിനഗറിലെ ജ്വല്ലറിയിൽ കവർച്ചക്കെത്തിയ സംഘം സ്ഥിരമായി കവർച്ച നടത്തുന്നവരല്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
വെടിവെപ്പിനുശേഷം ഭയന്നുപോയതും തോക്ക് കടക്ക് സമീപത്ത് നഷ്ടപ്പെട്ടതും ഇതിന്റെ സൂചനകളായാണ് പൊലീസ് കാണുന്നത്.
പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംഘത്തെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറിക്ക് സമീപത്തെ മൊബൈൽ ടവറുകളുടെ പരിധിയിലെ കാൾ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. വെടിവെപ്പിൽ ജ്വല്ലറി ഉടമ ഹപുറാം, ജീവനക്കാരൻ ആണ്ടറാം എന്നിവർക്ക് പരിക്കേറ്റിരുന്നു.
വെടിവെപ്പിനുശേഷം ആഭരണങ്ങൾ കവരാൻ ശ്രമിച്ചെങ്കിലും വെടിശബ്ദം കേട്ട് പ്രദേശത്തുണ്ടായിരുന്നവർ ഓടിവന്നതോടെ നാലുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഘത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ജ്വല്ലറിക്കു സമീപം ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.