ഭാര്യയെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി; പ്രതി പുണെയിൽ പിടിയിൽ
text_fieldsരാകേഷ്, ഗൗരി
ബംഗളൂരു: നഗരത്തെ ഞെട്ടിച്ച് കൊലപാതകം. യുവാവ് ഭാര്യയെ വാടകവീട്ടിൽ കഷണങ്ങളാക്കി സ്യൂട്ട്കേസിൽ നിറച്ച ശേഷം ബന്ധപ്പെട്ടവരെ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള വി. രാകേഷാണ് (36) ഭാര്യ ഗൗരി അനിൽ സാംബേക്കറെ (32) കൊലപ്പെടുത്തിയത്. പുണെയിൽ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.
ബംഗളൂരു ഹുളിമാവിനടുത്തുള്ള ദൊഡ്ഡ കണ്ണഹള്ളിയിലെ വീട്ടിലാണ് സംഭവം. ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിലടച്ച പ്രതി, കൃത്യത്തിന് ശേഷം രക്ഷപെട്ട് പുണെയിൽ എത്തുകയായിരുന്നു. ഇയാൾ മഹാരാഷ്ട്ര സ്വദേശിയാണ്. ഇയാളും ഭാര്യ ഗൗരി അനിൽ സാംബേക്കറും മാസം മുമ്പാണ് വാടകവീടെടുത്തത്. ആക്രമണം നടത്തിയ ശേഷം രാകേഷ് മഹാരാഷ്ട്രയിലുള്ള ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് കാര്യം അറിയിച്ചു.
അവർ അവിടെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹുളിമാവ് പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച അർധ രാത്രി 12.30ന് രാകേഷ് വീടുവിട്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. വീട്ടിൽനിന്ന് ഇറങ്ങും മുമ്പ് രാകേഷ് അതേ കെട്ടിടത്തിൽ താമസിക്കുന്ന മറ്റൊരാളെ വിളിച്ച് ഭാര്യ മരിച്ചുപോയെന്ന് പറയുന്നുണ്ട്. വിവരം വാടകക്കാരൻ കെട്ടിടം ഉടമയെ അറിയിച്ചു. അദ്ദേഹം പൊലീസിന് വിവരം കൈമാറി.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് അയച്ചു. നിലവിൽ പുണെ പൊലീസ് കസ്റ്റഡിയിലുള്ള രാകേഷിനെ ബംഗളൂരുവിലേക്ക് കൊണ്ടുവരാൻ ഹുളിമാവു പൊലീസ് സംഘം പുണെയിലേക്ക് തിരിച്ചതായും പ്രതിയെ ട്രാൻസിറ്റ് വാറന്റിൽ ബംഗളൂരുവിലേക്ക് കൊണ്ടുവരുമെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറാ ഫാത്തിമ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.