ബംഗളൂരു റമദാൻ സംഗമം ഇന്ന്
text_fieldsബംഗളൂരു: ബംഗളൂരു റമദാൻ സംഗമം ബംഗളൂരു പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ ശനിയാഴ്ച നടക്കും. ഉച്ചക്ക് 12.45 മുതൽ രാത്രി എട്ടുമണിവരെയാണ് പരിപാടി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനംചെയ്യും.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും. ‘വിശ്വാസി, കുടുംബം, സമൂഹം’ എന്ന പ്രമേയത്തിൽ ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാമ്പയിൻ ചർച്ചാസംഗമങ്ങൾക്ക് പരിസമാപ്തിയായാണ് സംഗമം. ബംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താർ കൂട്ടായ്മയാണിത്. 2000 മുതൽ മുടക്കമില്ലാതെ നടക്കുന്ന സംഗമത്തിന്റെ 24 ാം വാർഷിക പരിപാടിയാണ് ഇത്തവണത്തേത്.
ബംഗളൂരുവിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്ത് നാലു പതിറ്റാണ്ട് കാലം നിറഞ്ഞുനിന്ന ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പ്രഫ. കെ. മൂസയുടെ ഓർമകൾ പങ്കുവെക്കുന്ന ‘മൂസ സാഹിബ്, മഹാനഗരത്തിൻ സ്പന്ദനം’ പുസ്തകം വേദിയിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഡോ. നസീർ പിക്ക് നൽകി പ്രകാശനംചെയ്യും. കോളജ് അധ്യാപനത്തിൽനിന്ന് വ്യാപാര വ്യവസായ രംഗം തേടി ബംഗളൂരുവിലെത്തി വ്യാപാരത്തോടൊപ്പം ജീവകാരുണ്യ രംഗത്തും സാമൂഹിക വിദ്യാഭ്യാസ ഇടങ്ങളിലും കരുത്തുറ്റ സംഭാവനകൾ അർപ്പിച്ച അദ്ദേഹത്തെ കേരളത്തിലെയും ബംഗളൂരുവിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പുസ്തകത്തിൽ ഓർക്കുന്നു.
സംഗമത്തിൽ ‘വിശ്വാസിയുടെ ജീവിതം’ വിഷയത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുബൈർ സംസാരിക്കും. ‘നാം നമ്മുടെ കുടുംബം’ വിഷയത്തിൽ സുലൈമാൻ മേൽപുത്തൂർ, ‘ഖുർആനിലൂടെ ഹൃദയങ്ങളിലേക്ക്’ വിഷയത്തിൽ ഡോ. വി.എം. സാഫിർ, ‘വിശ്വാസിയുടെ കുടുംബം, നിലവിലെ സാഹചര്യത്തിൽ’ വിഷയത്തിൽ എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വനിതാ വിഭാഗം പ്രസിഡന്റ് ആയിഷ ഹബീബ് എന്നിവർ നയിക്കുന്ന പാനൽ ചർച്ചയും നടക്കും.
ഷബീർ മുഹ്സിൻ, ഡോ. ഷംസു ഫിർസാദ് തുടങ്ങിയവർ കിഡ്സ് റമദാൻ ഫെസ്റ്റ് സെഷനിൽ സംസാരിക്കും. ‘വിഷ്വൽ ട്രീറ്റ്’ എന്ന സെഷനിലുള്ള കലാവിഷ്കാരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.