ബി.ബി.എ വിദ്യാർഥിനിയുടെ കൊലപാതകം: കേസ് സി.ഐ.ഡിക്ക് കൈമാറി
text_fieldsബംഗളൂരു: ബി.ബി.എ രണ്ടാം വർഷ വിദ്യാർഥിനി ആർ. പ്രബുദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സി.ഐ.ഡിക്ക് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സുബ്രഹ്മണ്യപുരയിലെ ബൃന്ദാവൻ ലേഔട്ടിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന ബ്രുദ്ധയെ മേയ് 15ന് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴുത്തിലും ഇടതു കൈത്തണ്ടയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് സുബ്രഹ്മണ്യപുര പൊലീസ് അന്വേഷണം ആരംഭിച്ചത്. മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാവും സാമൂഹിക പ്രവർത്തകയുമായ സൗമ്യ പരാതിയുമായി രംഗത്തെത്തിയതോടെ കേസ് കൊലപാതകമെന്ന നിലയിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിൽ പൊലീസ് വീടിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിൽ സംശയകരമായ നിലയിൽ ഒരു കൗമാരക്കാരനെ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. 2000 രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രബുദ്ധയെ കൊലപ്പെടുത്തിയതാണെന്ന് മൊഴി നൽകി.
കൊലപ്പെടുത്താൻ കത്തിയാണുപയോഗിച്ചതെന്നും പ്രതി സമ്മതിച്ചു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ, കേസിന്റെ തുടക്കം മുതൽ സുബ്രഹ്മണ്യപുര പൊലീസിന്റെ ഭാഗത്തുനിന്ന് അവഗണനയുണ്ടായതായി ആരോപിച്ച് മാതാവ് സൗമ്യ രംഗത്തുവന്നു. പ്രതിയുടെ മാതാപിതാക്കളെ സംരക്ഷിക്കാൻ ശ്രമം നടന്നതായും കേസ് അന്വേഷണത്തിലെ വീഴ്ചകൾ കാരണം പ്രതിക്ക് ജാമ്യം ലഭിച്ചതായും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം പെൺകുട്ടിയുടെ മാതാവ് സൗമ്യയും സാമൂഹിക പ്രവർത്തകരുടെ ഒരു സംഘവും മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. തുടർന്നാണ് കേസ് സി.ഐ.ഡിക്ക് കൈമാറി സർക്കാർ ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.