യെലഹങ്ക, രച്ചനഹള്ളി തടാകങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപിക്കാൻ ബി.ബി.എം.പി പദ്ധതി
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിലെ തടാകങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപിക്കാൻ ബി.ബി.എം.പി പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതിയെന്ന നിലയിൽ യെലഹങ്ക, രച്ചനഹള്ളി തടാകങ്ങളിൽ പാനലുകൾ സ്ഥാപിക്കും. ജലോപരിതലത്തിലൂടെ ഒഴുകിനടക്കുംവിധം ഫ്ലോട്ടിങ് ഫോട്ടോവോൾടെയ്ക് പാനലുകളാണ് സ്ഥാപിക്കുക. 0.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള യെലഹങ്ക തടാകത്തിൽ 0.05 ചതുരശ്ര കിലോമീറ്ററിലാണ് പാനലുകൾ ഒരുക്കുന്നത്. 0.03 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രച്ചനഹള്ളി തടാകത്തിൽ 0.03 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിക്കും.
യെലഹങ്ക തടാകത്തിൽ നിന്ന് മൂന്ന് മെഗാവാട്ട് വൈദ്യുതിയും രച്ചനഹള്ളി തടാകത്തിൽനിന്ന് രണ്ട് മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി തടാകത്തിലെ ജലത്തിന്റെ ഗുണത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നുണ്ടോയെന്നത് പരിശോധിക്കും. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് മുമ്പും സ്ഥാപിച്ചതിന് ശേഷവും ജലത്തിന്റെ ഗുണനിലവാരം പരിശോധനാവിധേയമാക്കും. സെന്റർ ഫോർ സ്റ്റഡി ഓഫ് ദ സയൻസ്, ടെക്നോളജി, പോളിസിയുടെ (സി.എസ്.ടി.ഇ.പി) ആഭിമുഖ്യത്തിൽ പദ്ധതിയുടെ സാധ്യതാപഠനം നടത്തിയിരുന്നു.
ബംഗളൂരു നഗരത്തിലെ 19 തടാകങ്ങൾ ഇത്തരത്തിൽ ഫ്ലോട്ടിങ് ഫോട്ടോവോൾടെയ്ക് (എഫ്.പി.വി) പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്നാണ് കണ്ടെത്തൽ. നഗരത്തിൽ തടാകങ്ങളിൽ ആകെ 1.25 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിക്കുക വഴി 20.8 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കർണാടക ടാങ്ക് കൺസർവേഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ അനുമതിയും പദ്ധതിക്ക് ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.