റോഡിൽ വഴുതി വീഴൽ; യാത്രക്കാർ ജാഗ്രതൈ!
text_fieldsബംഗളൂരു: നഗരത്തിൽ വേനൽ മഴയെത്തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി പൊലീസും ബൃഹത് ബംഗളൂരു മഹാനഗര പാലികെയും. മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നിരവധി കേസുകളാണ് ഇരുചക്രവാഹനങ്ങൾ വഴുതി വീഴുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ബി.ഡി.എ ഫ്ലൈഓവറിനടുത്ത് 25ലധികം വാഹനങ്ങളാണ് വഴുതിവീണത്. ഇതേതുടർന്ന് ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.
വൈകീട്ട് അഞ്ച് മണിക്കും ഏഴ് മണിക്കുമിടയിലാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. ചൂടുള്ള കാലാവസ്ഥയിൽ വാഹനങ്ങൾ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ടാർ, റബർ, ഓയിൽ എന്നിവയുടെ ചെറിയ കണങ്ങൾ റോഡിൽ അടിഞ്ഞുകൂടുന്നതും മരങ്ങളിൽനിന്നുള്ള കായകൾ റോഡിൽ വീഴുന്നതും വഴുവഴുപ്പുള്ള പ്രതലങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു. ആദ്യമഴ പെയ്യുന്നതോടെ ഇത് റോഡിൽ എണ്ണമയം രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇതു മൂലമാണ് ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതെന്നും ബി.ബി.എം.പി എൻജിനീയർ ബി.എസ്. പ്രഹ്ലാദ് പറഞ്ഞു. പൊലീസും ബി.ബി.എം.പിയും ബി.ഡബ്ലൂ.എസ്.എസ്.ബിയും ചേർന്ന് ഉയർന്ന സമ്മർദമുള്ള പമ്പുകളുപയോഗിച്ച് വെള്ളമടിച്ച് റോഡിലെ വഴുക്കൽ കളയാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.