11,163 കോടിയുടെ വാര്‍ഷിക ബജറ്റുമായി ബി.ബി.എം.പി
text_fieldsബംഗളൂരു: 11,163 കോടിയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). ബംഗളൂരു ടൗണ്‍ ഹാളില്‍ വ്യാഴാഴ്ച രാവിലെ 11ന് ബി.ബി.എം.പി ധനകാര്യ സ്പെഷല്‍ കമീഷണർ ജയറാം റായ്പുരയാണ് ബജറ്റ് അവതരിപ്പിച്ചത്. മേൽപാലങ്ങള്ക്കും മഴവെള്ള കനാലുകള്‍ക്കും റോഡുകള്‍ക്കും പ്രത്യേക ഊന്നല്‍ നല്കിയ ബജറ്റിൽ മഴവെള്ള കനാലുകളുടെ വികസനങ്ങള്‍ക്കായി 1,643 കോടി രൂപ അനുവദിച്ചു. ഇതില്‍ 70 കോടി രൂപ അറ്റകുറ്റപ്പണികള്‍ക്കായും 15 കോടി രൂപ മഴക്കാലത്തെ അടിയന്തര ജോലികള്‍ക്കായും ചെലവഴിക്കും. കുറഞ്ഞത് ആറു കോടി രൂപയെങ്കിലും മിച്ചംവരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
നഗരത്തിലെ ചില മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും പ്രവൃത്തി ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ബംഗളൂരുവിലെ ഗതാഗതത്തിരക്ക് കുറക്കുക, ജങ്ഷനുകളിലെ ഗതാഗതം മെച്ചപ്പെടുത്തുക, സിഗ്നല്‍ രഹിത ട്രാഫിക് ഇടനാഴികള്‍ സൃഷ്ടിക്കുക എന്നിവക്കും മുന്‍തൂക്കം നല്കി. നഗരത്തിലെ തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ. 2023-24 വര്‍ഷം വന്ധ്യംകരിക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം ഇരട്ടിയാക്കാനാണ് ബി.ബി.എം.പി ലക്ഷ്യമിടുന്നത്. നായ്ക്കള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമായി അഞ്ചു കോടി രൂപ ചെലവില്‍ രണ്ടു വൈദ്യുതി ശ്മശാനങ്ങളും നിര്‍മിക്കും. ബന്നാര്‍ഘട്ട റോഡിന്റെ വീതികൂട്ടല്‍, വില്‍സണ്‍ ഗാര്ഡന് മേൽപാലത്തിലെ ഗ്രേഡ് സെപ്പറേറ്റര്‍ എന്നിവക്കും ബജറ്റ് വിഹിതം ലഭിച്ചു. മിനര്‍വ ജങ്ഷനുകളിലെ ഗ്രേഡ് സെപ്പറേറ്ററിന് 137 കോടിയും അനുവദിച്ചു.
മേൽപാലങ്ങൾ
40 കോടി രൂപ വീതം ചെലവില്‍ മത്തിക്കരെയിലെ ഗോകുല, ജാലഹള്ളിയിലെ ഒ.ആർ.ആർ- പൈപ്പ്ലൈന് ഫ്ലൈഓവറുകള്‍, 65 കോടി രൂപ ചെലവില്‍ മേക്രി സര്‍ക്കിളിലെ മേൽപാലം, 40 കോടി രൂപ ചെലവില്‍ സദാശിവ നഗറിലെ മേൽപാലം, 25 കോടി രൂപ ചെലവില്‍ യെലഹങ്കയിലെ മേൽപാലം, ബൈയപ്പനഹള്ളി മേൽപാലം, 104 കോടി രൂപ ചെലവിലുള്ള സുരഞ്ജന്‍ ദാസ് മേൽപാലം എന്നിവയുടെ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും.
ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ 75 പ്രധാന ജങ്ഷനുകൾ നവീകരിക്കും. കൂടാതെ 1410 കോടി രൂപ ചെലവില്‍ 150 കിലോമീറ്റര്‍ റോഡിന്റെ വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ ഏറ്റെടുക്കും. ലൈറ്റ്-ടെന്‍ഡര്‍-ഷുവര്‍ മോഡലില്‍ 350 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുടെ സമഗ്ര വികസനത്തിന് 450 കോടി രൂപ വകയിരുത്തുമെന്ന് ബി.ബി.എം.പി അറിയിച്ചു.
സാവിത്രി വസതി
ബംഗളൂരു: അസംഘടിത മേഖലയിലെ വനിത ജീവനക്കാര്‍ക്ക് ക്ഷേമ പദ്ധതിയായി ‘സാവിത്രി വസതി’. സാവിത്രി ഭായ് ഫൂലെയുടെ പേരിലുള്ളതാണ് ഹോസ്റ്റൽ. പദ്ധതി പ്രകാരം അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. ബി.ബി.എം.പി.യുടെ എട്ടു സോണുകളിലും ഹോസ്റ്റലുകള്‍ നിര്‍മിക്കും. പദ്ധതിയില്‍ പട്ടിക ജാതി-വര്‍ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ടാകും. മാനസിക വൈകല്യമുള്ളവര്‍ക്കും വിധവകള്‍ക്കും വിവാഹ മോചിതരായ സ്ത്രീകള്‍ക്കും മുന്‍ഗണനയുണ്ടാകും. പദ്ധതിക്കു വേണ്ടി 24 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ബജറ്റിലെ പ്രധാന നിർദേശങ്ങൾ
- ഭരണവികേന്ദ്രീകരണം നടത്തും: ഭരണം എളുപ്പമാക്കാന്‍ രണ്ടോ മൂന്നോ വാര്‍ഡുകളെ ഒരു ഉപവിഭാഗമാക്കി മാറ്റും. 243 വാര്‍ഡുകളുടെയും ഭരണ നിര്‍വഹണത്തിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണിത്.
- പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്കുന്ന നാദ പ്രഭു കെംപെഗൗഡ ഇന്നൊവേഷന് അവാര്‍ഡ് നല്‍കും.
- പെന്‍ഷന്‍കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്: പൗരകര്‍മികര്‍ ഉള്‍പ്പെടെയുള്ള വിരമിച്ച ജീവനക്കാര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ബെനിഫിറ്റ് സ്കീം എന്നിവ നല്‍കും. ഇതിനായി 10 കോടി അനുവദിച്ചു.
- പുതിയ പാര്‍ക്കുകള്‍, ജങ്ഷനുകള്‍, മേൽപാലങ്ങള് എന്നിവ നിർമിക്കാൻ 15 കോടി.
- ഇന്ദിര കാന്റീനുകളുടെ പ്രവര്‍ത്തനത്തിന് 50 കോടി രൂപ.
- നഗരത്തിലെ ഓരോ വാര്‍ഡുകളുടെയും വികസനത്തിന് 1.25 കോടി രൂപ.
- 75 ജങ്ഷനുകള്‍ വികസിപ്പിക്കാന്‍ 150 കോടി രൂപ.
- എല്ലാ സ്കൂളുകളിലും കോളജുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 65 കോടി രൂപ.
- ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആറു കോടി രൂപയും മരുന്നുകള്‍ വാങ്ങാന്‍ മൂന്നു കോടി രൂപയും.
- പുതിയ 61 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 92 കോടി രൂപ.
- പാവപ്പെട്ട വിദ്യാർഥികള്‍ക്ക് സൗജന്യ ലാപ്ടോപ് നല്കാന് 25 കോടി രൂപ.
- സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തുന്നല്‍ മെഷീന് ലഭ്യമാക്കാന്‍ മൂന്നു കോടി രൂപ.
- സ്റ്റോം വാട്ടര്‍ ഡ്രെയിനുകള്‍ നിര്‍മിക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.