ബംഗളൂരുവിലെ റോഡ് നവീകരണത്തിന് 660 കോടി നീക്കിവെക്കാൻ ബി.ബി.എം.പി
text_fieldsബംഗളൂരു: നഗരത്തിലെ 197 റോഡുകൾ നവീകരിക്കാൻ 660 കോടി രൂപ നീക്കിവെക്കാനൊരുങ്ങി ബൃഹത് ബംഗളൂരു മഹാനഗര പാലികെ. നവംബർ മുതലാണ് നവീകരണ പ്രവൃത്തികളാരംഭിക്കുക.
നിലവിൽ ശോച്യാവസ്ഥയിലുള്ള റോഡുകൾ ശരിയാക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്നാണ് നവീകരണ പദ്ധതികൾ ബി.ബി.എം.പി തയാറാക്കിയത്. റീടാറിങ്, നടപ്പാതകൾ, കലുങ്കുകൾ എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് നടത്തുക. നാഗർഭാവി റിങ് റോഡ്, കാമാഖ്യ ജങ്ഷൻ മുതൽ വീരഭദ്രനഗർ, ആർ.വി റോഡ് മുതൽ കനകപുര മെയിൻ റോഡ്, ഡോ. വിഷ്ണുവർധൻ മെയിൻ റോഡ്, നായന്ദഹള്ളി -ഹൊസകെരെഹള്ളി, സെൻട്രൽ സിൽക്ക് ബോർഡ് -ഇബ്ലൂർ സർവിസ് റോഡ്, കസവനഹള്ളി റോഡ്, കടുഗോഡി മെയിൻ റോഡ്, ജുംനസാന്ദ്ര റോഡ്, ഹൂളിമാവ് -ബേഗൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
മഹാദേവപുര മേഖലക്കാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. ഇത് 180 കോടി രൂപയാണ്. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്ന് വ്യാപകമായ പരാതികളുയർന്നിരുന്നു.
15 ദിവസത്തിനിടെ അടച്ചത് 6000 കുഴികൾ
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അന്ത്യശാസനയിൽ ബി.ബി.എം.പി കഴിഞ്ഞ രണ്ടാഴ്ചക്കിടെ അടച്ചത് 6,000 കുഴികളെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ്. ബാക്കിയുള്ളവ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും.
റോഡിലെ കുഴികളെക്കുറിച്ചുള്ള പരാതികൾ അറിയിക്കാനായി പാലികെ ഇറക്കിയ രസ്തെ ഗുണ്ഡി ഗമന ആപ് വഴി ലഭിച്ച 1300 പരാതികളും പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിൽ 300 പരാതികൾ മറ്റു വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു. 15 കോടി രൂപയാണ് റോഡിലെ കുഴികളടക്കാനായി ഇതുവരെ ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.