ജലക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണവുമായി ബി.ബി.എം.പി
text_fieldsബംഗളൂരു: ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). നിലവിൽ വരൾച്ചയനുഭവിക്കുന്ന മേഖലകളെ പ്രത്യേക സോണുകളാക്കി തിരിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബി.ബി.എം.പി.
ബംഗളൂരുവിലെ പല മേഖലകളും അനുഭവിക്കുന്ന കടുത്ത ജലക്ഷാമത്തെ നേരിടാനും സുഗമമായ ജലവിതരണത്തിനുമായി ബി.ബി.എം.പിയും ജലവിതരണ വകുപ്പും പല തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. 247 പ്രദേശങ്ങളിലാണ് പ്രധാനമായി ജലക്ഷാമം അനുഭവപ്പെടുന്നതെന്നാണ് ജലവിതരണ വകുപ്പിന്റെ കണക്ക്. ഇതിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കാനാണ് സർവേ നടത്തുന്നത്.
പ്രാഥമികമായി നടത്തിയ കണക്കെടുപ്പിൽ മഹാദേവപുര, ബൊമ്മനഹള്ളി, നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ, ദക്ഷിണ മേഖലകൾ എന്നിവിടങ്ങളിലാണ് രൂക്ഷമായ പ്രതിസന്ധിയുള്ളത്. മഹാദേവപുര മേഖലയിൽ 3.4 ലക്ഷവും മറ്റു പ്രദേശങ്ങളിൽ മൂന്നു ലക്ഷം വീതവുമാണ് ജലദൗർലഭ്യം മൂലം പ്രയാസമനുഭവിക്കുന്നത് എന്നാണ് ബി.ബി.എം.പിയുടെ കണക്ക്. ബെഗാലുഗുണ്ഡെ, പീനിയ, കടു മല്ലേശ്വര, രാജാജി നഗർ, ചിക്ക്പേട്ട്, ഹൊസാക്കെറഹള്ളി, യെലച്ചനഹള്ളി, ബൊമ്മനഹള്ളി, മാറത്തഹള്ളി, എച്ച്.എസ്.ആർ ലേഔട്ട് എന്നിവയാണ് ജലക്ഷാമം കൂടുതൽ രൂക്ഷമായ മറ്റു പ്രദേശങ്ങൾ.
ജലക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇതുവരെയും പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ജെ.പി നഗറിലെ റോയൽ ലേക്ഫ്രണ്ട് ഹൗസിങ് സൊസൈറ്റി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വരൾച്ച വന്നതിനെ കോൺഗ്രസും ഭയക്കുന്നുണ്ട്. പലയിടങ്ങളിലും ഫ്ലാറ്റുകളിലെ താമസക്കാർ സമരത്തിനിറങ്ങിയത് സർക്കാറിന് കൂടുതൽ തലവേദനയാവുകയാണ്. ജലക്ഷാമം പല ബിസിനസുകളെയും കാര്യമായി ബാധിച്ചുതുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
അമിതനിരക്ക് കൊടുത്ത് സ്വകാര്യ ടാങ്കറുകൾ വഴിയാണ് പലരും ഇപ്പോൾ വെള്ളമെത്തിക്കുന്നത്. പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ ക്ഷാമം നഗരം നേരിടുന്നുണ്ടെന്നും 14,000 കുഴൽകിണറുകളിൽ പകുതിയും വറ്റിയെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിട്ട് ഏതാനും ദിവസങ്ങളാവുന്നേയുള്ളൂ. നഗരത്തിലെ ആകെ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വാഹനം കഴുകാനും പൂന്തോട്ടം നനക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്നും ശുദ്ധീകരിച്ച ജലം നീന്തൽക്കുളങ്ങളിലും മറ്റും ഉപയോഗിക്കരുതെന്നും ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ജലം പാഴാക്കിയതിന് കഴിഞ്ഞ ദിവസം മാത്രം 400 പേരിൽനിന്നായി 20 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. അതിന് തൊട്ടുമുമ്പ് കാവേരി ജലം അനാവശ്യ കാര്യങ്ങൾക്കുപയോഗിച്ചതിന് 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം 1.10 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. വാണിജ്യ സ്ഥാപനങ്ങൾ, അപ്പാർട്മെന്റുകൾ, റസ്റ്റാറൻറുകൾ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം എയ്റേറ്ററുകൾ (പൈപ്പുകളിലെ വെള്ളം ഒഴുകുന്ന അളവ് നിയന്ത്രിക്കുന്നത്) നിർബന്ധമാക്കിയത് കർശനമായി പാലിക്കാൻ ബി.ഡബ്ല്യൂ.എസ്.എസ്.ബി ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ ജലക്ഷാമം ചൂണ്ടിക്കാട്ടി കേരള വ്യവസായ മന്ത്രി പി. രാജീവ് ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു. ബംഗളൂരുവിലെ ജലക്ഷാമം മേയിലും തുടർന്നാൽ ഹെസർഘട്ട തടാകത്തിലെ വെള്ളം ശുദ്ധീകരിച്ച് നഗരത്തിൽ വിതരണം ചെയ്യാനൊരുങ്ങുകയാണ് ജല അതോറിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.