ബെളഗാവി സംഭവം; മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsബംഗളൂരു: ബെളഗാവിയിൽ വീട്ടമ്മ നഗ്നയാക്കി ക്രൂര മർദനത്തിനിരയായ സംഭവത്തിൽ കർണാടക സർക്കാറിൽനിന്ന് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമീഷൻ. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ അതിജീവിതയെ ബെളഗാവിയിലെ ആശുപത്രിയിൽ തിങ്കളാഴ്ച സന്ദർശിച്ചിരുന്നു. ഡി.ഐ.ജി സുനിൽകുമാർ മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയിൽനിന്ന് നേരിട്ട് മൊഴിയെടുക്കുകയും സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തത്.
നടന്നത് ശരിയാണെങ്കിൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് മീണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും സംരക്ഷണം നൽകുക എന്നത് സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അവർ ചുണ്ടിക്കാട്ടി.
അതേസമയം, ബെളഗാവി വിഷയം ദേശീയതലത്തിൽതന്നെ ചർച്ചയായതിനു പിന്നാലെ ചിക്കബല്ലാപുരയിലും ഹാവേരിയിലും സമാന സംഭവങ്ങൾ അരങ്ങേറി. ചിക്കബല്ലാപുരയിൽ മകനും കാമുകിയും ഒളിച്ചോടി വിവാഹം കഴിച്ചതിന് മാതാപിതാക്കളെ ഒരു സംഘം മർദിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളടക്കം 10 പേർക്കെതിരെ കേസെടുത്ത പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ചിക്കബല്ലാപുര ഗുഡിബന്ധ ദപ്പാർത്തി വില്ലേജിലാണ് സംഭവം. ഞായറാഴ്ചയാണ് യുവാവും യുവതിയും ഒളിച്ചോടി ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിച്ചത്. പിറ്റേന്ന് വിവരമറിഞ്ഞ പെൺകുട്ടിയുടെ കുടുംബക്കാർ യുവാവിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. വിവാഹത്തെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് വരന്റെ മാതാപിതാക്കൾ അറിയിച്ചെങ്കിലും ഇരുവരെയും പെൺകുട്ടിയുടെ പിതാവ് അടക്കമുള്ളവർ മർദിച്ചു. മരക്കഷണംകൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അഞ്ചോളം പേരാണ് തങ്ങളെ മർദിച്ചതെന്ന് യുവാവിന്റെ മാതാപിതാക്കൾ മൊഴി നൽകി. ഇതുപ്രകാരം, ഐ.പി.സി 143, 148, 149, 323, 324 വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു.
ഹാവേരിയിൽ യുവാവിനൊപ്പം പെൺകുട്ടി ഒളിച്ചോടിയതിന് പിന്നാലെ തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന്റെ വീട് ആക്രമിച്ചു. വീട് കൊള്ളയടിക്കുകയും വീട്ടിൽനിന്ന് യുവാവിന്റെ അമ്മാവനെ പിടിച്ചുകൊണ്ടുപോയി അർധനഗ്നനാക്കി മർദിക്കുകയും ചെയ്തു. റാണിബെന്നൂർ മുടെനൂരു വില്ലേജിലാണ് സംഭവം. ചളഗരി വില്ലേജിലെ സംഗീത എന്ന പെൺകുട്ടി മുടെനൂരു വില്ലേജിലെ പ്രകാശ് എന്ന യുവാവിനൊപ്പമാണ് ഒളിച്ചോടിയത്. ഇരുകുടുംബത്തിൽനിന്നും എതിർപ്പുണ്ടായിരുന്നെങ്കിലും ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. പ്രകാശിന്റെ കുടുംബം ഇതിന് പിന്തുണ നൽകുന്നുണ്ടെന്ന് സംശയിച്ചാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമണം നടത്തിയത്. യുവാവിന്റെ അമ്മാവനായ പ്രശാന്തിനെ പെൺകുട്ടിയുടെ ബന്ധുക്കൾ വാഹനത്തിൽ കയറ്റി റാണിബെന്നൂർ ടൗണിലേക്ക് കൊണ്ടുപോയി. ഇയാളുടെ ഷർട്ട് അഴിപ്പിച്ചശേഷം മർദിച്ചു. പൊലീസ് സ്റ്റേഷന് മുന്നിലിട്ടും ഇയാളെ മർദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.