കർണാടക: മാറാനിടയില്ലാതെ ബെൽത്തങ്ങാടി, മൂഡബിദ്രി, സുള്ള്യ മണ്ഡലങ്ങൾ
text_fieldsബംഗളൂരു: സിറ്റിങ് എം.എൽ.എ ബി.ജെ.പിയുടെ ഹരീഷ് പൂഞ്ചയും പുതുമുഖം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രക്ഷിത് ശിവറാമും തമ്മിൽ മത്സരിക്കുന്ന ബെൽത്തങ്ങാടി മണ്ഡലത്തിൽ കോൺഗ്രസിന് അട്ടിമറി വിജയം പ്രതീക്ഷിക്കാവുന്ന ഘടകങ്ങൾ പ്രകടമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വസന്ത ബങ്കരയെ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പൂഞ്ച കന്നിവിജയം നേടിയത്. കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാർ ഉൾപ്പെടെ 2,22,144 വോട്ടർമാരാണ് വിധി നിർണയിക്കുക. കഴിഞ്ഞ തവണത്തേക്കാൾ 8269 വോട്ടർമാരാണ് വർധിച്ചത്.
ജൈനമത സംസ്കൃതി തിരുശേഷിപ്പുകൾ ഏറെയുള്ള മൂഡബിദ്രി മണ്ഡലം രണ്ട് ദശകം ജൈനനായ കോൺഗ്രസിലെ കെ. അഭയചന്ദ്ര ജൈനിനെയാണ് തുണച്ചത്. സിദ്ധാരാമയ്യ മന്ത്രിസഭയിൽ പാതികാലം മന്ത്രിയുമായിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സിറ്റിങ് എം.എൽ.എയെ 29,799 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിക്കുകയായിരുന്നു ബി.ജെ.പിയുടെ ഉമാനാഥ് കൊട്ട്യൻ.
അഭയചന്ദ്രന്റെ അരുമ ശിഷ്യൻ മിഥുൻ റൈയാണ് ഇത്തവണ ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ തവണത്തേക്കാൾ 5356 പേർ വർധിച്ച് 2,00,303 വോട്ടർമാരാണ് വിധി നിർണയിക്കുക. 3000 വോട്ടർമാരുള്ള വെൽഫെയർ പാർട്ടി പിന്തുണ മിഥുൻ റൈക്കാണ്. എസ്. അംഗാറക്കപ്പുറം സുള്ള്യ മണ്ഡലം ഇല്ലെന്ന അഹങ്കാരം മന്ത്രിസ്ഥാനം ലഭിച്ചപ്പോൾ സിറ്റിങ് എം.എൽ.എക്ക് ഉണ്ടായെന്ന ആർ.എസ്.എസ് നിരീക്ഷണത്തെതുടർന്ന് ബി.ജെ.പി പുതുമുഖത്തെ രംഗത്തിറക്കിയ മണ്ഡലമാണ് സംവരണ മണ്ഡലമായ സുള്ള്യ.
1994 മുതൽ തുടർച്ചയായി ആറുതവണ എം.എൽ.എയായ അംഗാറ ഏഴാം പോരിന് ഒരുങ്ങിയപ്പോഴായിരുന്നു സീറ്റ് നിഷേധിച്ചത്. പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും അദ്ദേഹം പാർട്ടിയുടെ വനിത സ്ഥാനാർഥി ഭഗിരഥി മുരുള്യക്കുവേണ്ടി രംഗത്തുണ്ട്. കോൺഗ്രസിന്റെ ജി. കൃഷ്ണപ്പയാണ് മുഖ്യ എതിരാളി. സീറ്റ് മോഹിച്ച കെ.പി.സി.സി അംഗം എച്ച്.എം. നന്ദകുമാർ റെബലായി രംഗത്തുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 95,205 വോട്ട് നേടിയാണ് അംഗാറ കോൺഗ്രസിന്റെ ഡോ. ബി. രഘുവിനെ (69,137) പരാജയപ്പെടുത്തിയത്. 2,01,976 വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ 6671 പേരുടെ വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.